ഇടുക്കി. കേരളത്തില്‍ കൃഷി നഷ്ടമാണെന്ന് അഭിപ്രായപ്പെടുന്ന പലരും ഉണ്ട്. എന്നാല്‍ കൃഷിയെ ലാഭത്തില്‍ എത്തിക്കുവാന്‍ മറ്റ് വഴികള്‍ തേടുന്ന കര്‍ഷകരും നമുക്കിടയിലുണ്ട്. അത്തരത്തില്‍ മികച്ച വരുമാനം നേടുന്ന കര്‍ഷകനാണ് ഇരട്ടിയാല്‍ വെട്ടിക്കാമറ്റത്ത് സോജി ചാക്കോ. ഫാം ടൂറിസത്തിലൂടെയാണ് സോജി നേട്ടം കൊയ്യുന്നത്. സോജിയുടെ കൃഷിത്തോട്ടത്തില്‍ തെങ്ങില്‍ കയറി കുരുമുളക് പറിക്കുവാനും കൃഷിപ്പണി ചെയ്യുവാനും വിദേശ സഞ്ചിരികള്‍ എത്തുന്നു.
സോജിയുടെ കൃഷിത്തോട്ടത്തില്‍ കേരളത്തിലെ കൃഷി രീതികള്‍ വിദേശികള്‍ക്ക് പഠിക്കുവാനും അത് ചെയ്തു മനസ്സിലാക്കുവാനും അവസരം നല്‍കുന്നു. സമ്മിശ്ര കൃഷിയില്‍ വിജയം നേടിയ സോജിയുടെ കൃഷി രീതികള്‍ ഓണ്‍ലൈനിലൂടെ മനസ്സിലാക്കിയാണ് ഹോംസ്‌റ്റേ ബുക്ക് ചെയ്ത് സഞ്ചിരികള്‍ കേരളത്തിലേക്ക് പറന്ന് എത്തുന്നത്. നാല് വര്‍ഷം മുമ്പാണ് സോജി ഹോംസ്‌റ്റേ ആരംഭിക്കുന്നത്.
എന്നാല്‍ കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കുറച്ച് കാലം നിര്‍ത്തി വെച്ചെങ്കിലും ഇപ്പോള്‍ വീണ്ടും ആരംഭിച്ചു. വിദേശത്ത് നിന്നും സ്വദേശത്ത് നിന്നും നിരവധി പേരാണ് സോജിയുടെ കൃഷി തോട്ടത്തില്‍ എത്തുന്നത്. ഫ്രാന്‍സ്, ഇംഗ്ലണ്ട്, അമേരിക്ക, ജര്‍മനി എന്നി രാജ്യങ്ങളില്‍ നിന്നും 10-ല്‍ കൂടുതല്‍ സഞ്ചാരികള്‍ സോജിയുടെ കൃഷിത്തോട്ടത്തില്‍ എത്തിയിട്ടുണ്ട്.