ന്യൂഡല്‍ഹി. കേരളത്തിലും ബി ജെ പി സര്‍ക്കാര്‍ രൂപികരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ എന്നി സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിജയത്തില്‍ ഡല്‍ഹിയിലെ ബി ജെ പി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധ ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി ജെ പി ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണെന്ന മിഥ്യാധാരണ തകര്‍ക്കും. ന്യൂനപക്ഷങ്ങള്‍ കൂടുതലുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ഗോവയിലും ബി ജെ പി സര്‍ക്കാര്‍ രൂപീകരിച്ചതുപോലെ കേരളത്തിലും സാധിക്കും.
തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും സഖ്യമായിട്ടാണ് മത്സരിച്ചത്. ഇത് ഇവര്‍ ഒരു പോലെയാണെന്ന് തെളിയിക്കുന്നതാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കേരളത്തിലെ ജനങ്ങള്‍ക്ക് യഥാര്‍ത്ഥ ബദല്‍ ബി ജെ പി തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. വര്‍ഷങ്ങളായി ബി ജെ പിയുടെ പേരില്‍ ന്യൂനപക്ഷങ്ങളെ ഭീക്ഷണിപ്പെടുത്തുന്നു. ഗോവയ്ക്ക് ശേഷം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ഇത് തകര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബി ജെ പിയുടെ വിജയ രഹസ്യം ത്രിവേണിയാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ നിരീക്ഷകരും ബി ജെ പിയുടെ വിജയ രഹസ്യം മനസ്സിലാക്കുവാന്‍ ശ്രമിക്കുന്നുണ്ട്. ത്രിവേണിയെന്നാല്‍ മൂന്ന് ധാരകളുടെ സംയോജനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതില്‍ ആദ്യത്തേത് ബി ജെ പി സര്‍ക്കാരുകളുടെ പ്രവര്‍ത്തനമാണ്. രണ്ടാമത് ബി ജെ പിയുടെ പ്രവര്‍ത്തന ശൈലി. മൂന്നാമത്തേത് ബി ജെ പിയുടെ പ്രവര്‍ത്തകരാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.