തിരുവനന്തപുരം. ബി ജെ പി സര്‍ക്കാര്‍ കേരളത്തിലും അധികാരത്തില്‍ എത്തുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ ബി ജെ പി സര്‍ക്കാര്‍ ഉണ്ടാക്കുമെന്ന പ്രധാനമന്ത്രിയുടെ മോഹം അതിരുകവിഞ്ഞ മോഹമാണെന്ന് പിണറായി വിജയന്‍. സംഘപരിവാറില്‍ നിന്നും കൊടിയ പീഡനം നേരിടുന്ന ന്യൂനപക്ഷങ്ങള്‍ക്ക് ബി ജെ പി അനുകൂല നിലപാട് സ്വീകരിക്കുവാന്‍ സാധിക്കില്ലെന്നും പിണറായി വിജയന്‍ പറയുന്നു.
ഫേയ്‌സ്ബുക്കിലൂടെയാണ് പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചും അതിന് കാരണക്കാരയവരെക്കുറിച്ചും വ്യക്തമായ ബോധം ഉള്ളവരാണ് ഇവിടുത്തെ നാട്ടുകാര്‍ എന്നും അദ്ദേഹം കുറിച്ചു. മതനിരപേക്ഷതയുടെ കേരള മാതൃക രാജ്യത്താകെ വേരുറപ്പിക്കുന്ന നാളുകളാണ് വരുവാന്‍ പോകുന്നത്. വര്‍ഗീയശക്തികള്‍ക്ക് കേരളത്തിന്റെ മണ്ണില്‍ സ്ഥാനമില്ല.
കേരളത്തിലും ബി ജെ പി സര്‍ക്കാര്‍ രൂപികരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ എന്നി സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിജയത്തില്‍ ഡല്‍ഹിയിലെ ബി ജെ പി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധ ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി ജെ പി ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണെന്ന മിഥ്യാധാരണ തകര്‍ക്കും. ന്യൂനപക്ഷങ്ങള്‍ കൂടുതലുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ഗോവയിലും ബി ജെ പി സര്‍ക്കാര്‍ രൂപീകരിച്ചതുപോലെ കേരളത്തിലും സാധിക്കും.
തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും സഖ്യമായിട്ടാണ് മത്സരിച്ചത്. ഇത് ഇവര്‍ ഒരു പോലെയാണെന്ന് തെളിയിക്കുന്നതാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കേരളത്തിലെ ജനങ്ങള്‍ക്ക് യഥാര്‍ത്ഥ ബദല്‍ ബി ജെ പി തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. വര്‍ഷങ്ങളായി ബി ജെ പിയുടെ പേരില്‍ ന്യൂനപക്ഷങ്ങളെ ഭീക്ഷണിപ്പെടുത്തുന്നു. ഗോവയ്ക്ക് ശേഷം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ഇത് തകര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.