പോലീസ് ജോലി സ്വപ്നം കാണുന്ന ഉദ്യോഗാർത്ഥികൾക്ക് നേരിടേണ്ടിവരുന്ന ഏറ്റവും വലിയ ഘട്ടമാണ് കായികക്ഷമതാ പരീക്ഷ. പോലീസ് ജോലിക്ക് മാത്രമല്ല അർധസൈനിക, സൈനിക ജോലികളുടെ എല്ലാം പ്രധാനപ്പെട്ട ഒരു ഘട്ടമാണ് കായികക്ഷമതാ പരീക്ഷ വിജയിക്കുക എന്നത്. വ്യക്തമായ പരീശീലനം ലഭിക്കേണ്ടത് കായികക്ഷമതാ പരീക്ഷ വിജയിക്കാൻ വളരെ അത്യാവിശമായ ഘടകമാണ്.
എഴുത്ത് പരീക്ഷ വിജയിക്കുന്നതിനേക്കാൾ പ്രയാസമാണ് കായിക ക്ഷമതാ പരീക്ഷ വിജയിക്കുവാൻ. ഉദ്യോഗാർത്ഥികളുടെ ജീവിത ശൈലിയും പരിശീലനവും കഠിന പ്രയത്നവും എല്ലാം കായികക്ഷമതാ പരീക്ഷയുടെ വിജയത്തിന് ആവശ്യമാണ്. സമൂഹത്തിലെ കുട്ടികളുടെ ഉന്നമനത്തിനായി, അവർക്ക് നല്ലൊരു ജീവിത മാർഗം കണ്ടെത്തുവനായി സൗജന്യമായി 13 വർഷമായി കായിക പരിശീലനം നൽകുന്ന അധ്യാപകനാണ് കാട്ടാക്കട സ്വദേശിയായ ഫ്രാങ്ക്ളിൻ. 23 വർഷമായി കായിക അധ്യാപകനായി ജോലി ചെയ്തു വരുകയാണ് ഫ്രാങ്ക്ളിൻ.
തുടക്കത്തിൽ കോഴിക്കോട് ഓക്സീലിയം സ്കൂളിലാണ് അദ്ദേഹം ജോലി ചെയ്തിരുന്നത്. പിന്നീട് സർക്കാർ ജോലിയിൽ പ്രവേശിച്ച് തിരുവനന്തപുരത്ത് എത്തിയ ശേഷമാണ് ഫ്രാങ്കിളിൻ കുട്ടികൾക്കായി സൗജന്യ പരീശീലനം ആരംഭിച്ചത്. അദ്ദേഹത്തിന്റെ പക്കൽ നിന്നും പരിശീലനം പൂർത്തിയാക്കി 1,000-ൽ അധികം ചെറുപ്പക്കാരാണ് സർക്കാർ ജോലി നേടിയത്. പ്രധാനമായും ഫയർമാൻ, പോലീസ്, എക്സൈസ് എന്നീ വിഭാഗങ്ങളിൽ കേരളത്തിൽ ഉടനീളം അദ്ദേഹത്തിന്റെ വിദ്യാർഥികൾ ജോലി ചെയ്യുന്നു.
കൂടാതെ ആർമി, റെയിൽ വേ, സി ആർ പി എഫ്, നേവി, എയർ ഫോഴ്സ് എന്നി വിഭാഗങ്ങളിലും ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നു. വനിതകൾക്ക് പരിശീലനം നൽകുന്നുണ്ട്. കാട്ടാക്കട ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടാണ് ഫ്രാങ്ക്ളിന്റെ തട്ടകം. കോളേജ് അധികൃതർ സൗജ്യനമായി ഗ്രൗണ്ട് നൽകി, ഈ അധ്യാപകന്റെ കൂടെ നിന്ന് ഒരു നാട്ടിലെ ചെറുപ്പാക്കാരുടെ ഭാവി സുരക്ഷിതമാക്കുവാൻ സഹായിക്കുന്നു.
സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം മനസ്സിൽ ഏറി നടന്നിരുന്ന ഫ്രാങ്ക്ളിൻ. അവസാനം തന്റെ ജോലിയായ, കഴിവായ കായിക അധ്യാപനം തന്നെ അതിനുവേണ്ടി വിനിയോഗിക്കുന്നു. വളരെ സന്തോഷത്തോടെ പൂർണ മനസ്സോടെയാണ് അദ്ദേഹം തന്റെ ജോലി ചെയ്യുന്നത്. യോഗ പരിശീലനത്തിൽ കൂടി ഉദ്യോഗാർഥികളുടെ ഏകാഗ്രതയും ആത്മവിശ്വാസവും കൂട്ടാനുള്ള പരിശീലനവും നൽകുന്നു.
ഏതൊരു ഉദ്യോഗാർത്ഥിയെയും തന്റെ തന്റെ കയ്യിൽ കിട്ടിയാൽ പരിശീലനത്തിലൂടെ ഫിസിക്കലി ഫിറ്റാക്കി അവരെ കായിക ക്ഷമത പരീക്ഷ വിജയിപ്പിക്കുവാനുള്ള അത്ഭുത സിന്ധി അദ്ദേഹത്തിനുണ്ട്. കൂടുതൽ വിദ്യാർഥികൾക്ക് പരിശീലനം നൽകണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം. യോഗ ഒളിമ്പിയാഡിൽ കേരളത്തിൽ നിന്നും ആദ്യമായി വിദ്യാർഥിളെ പരിശീലിപ്പിച്ച് കൊണ്ടുപോയത് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്.