കാര്‍ഷിക മേഖലയില്‍ വിത്യസ്തരായ നിരവധി സംരംഭകരാണ് ഉയര്‍ന്ന് വരുന്നത്. ഇത്തരത്തില്‍ കേരളത്തില്‍ നിന്നും കാര്‍ഷകരെ സഹായിക്കുവാനുള്ള ചെറിയ റോബോര്‍ട്ടുമായി എത്തിയിരിക്കുകയാണ് കൊല്ലം പുനലൂര്‍ സ്വദേശിയായ പ്രിന്‍സ് മാമ്മന്‍. ഫ്രീമാന്‍ റോബോര്ട്ടിസ് എന്ന സ്റ്റാര്‍ട്ടപ്പിന്റെ സ്ഥാപകനായ പ്രിന്‍സ് കര്‍ഷകര്‍ക്കായി മണ്ണ് ഉഴുതുമറിക്കുവാനും കള പറിക്കുവാനും കഴിയുന്ന ചെറു റോബോര്‍ട്ടിനെയാണ് വികസിപ്പിച്ചിരിക്കുന്നത്.
ത്രൈവ് എന്ന് പേരിട്ടിരിക്കുന്ന ഈ റോബോര്‍ട്ടിന് കര്‍ഷകരുടെ മിത്രമാകുവാന്‍ സാധിക്കും. വെള്ളായിണിയിലെ കാര്‍ഷിക കോളേജില്‍ ടെസ്റ്റിംഗ് വിജയിച്ച ത്രൈവ് വിപണിയില്‍ അവതരിപ്പിക്കുവാനുള്ള തയ്യാറെടുപ്പിലാണ് പ്രിന്‍സ്. റോബോട്ടിന്റെ വികസനത്തിനും ഗവേഷണത്തിനും ഫണ്ടിന്റെ ദൗര്‍ലഭ്യം ആദ്യം പ്രതിസന്ധികള്‍ സൃഷ്ടിച്ചെങ്കിലും അതിനെ എല്ലാം മറികടന്നാണ് ഫ്രീമാന്‍ റോബോര്‍ട്ട്സ് മുന്നോട്ട് പോയത്. ഗവേഷണത്തിന്റെ ഓരോഘട്ടത്തിലും പൂര്‍ണമായും ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന റോബോര്‍ട്ട് കര്‍ഷകര്‍ക്ക് നല്ല ഒരു സുഹത്തായിമാറുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നുവെന്ന് പ്രിന്‍സ് പറയുന്നു.
നിലവില്‍ മേക്കേഴ്സ് വില്ലേജില്‍ ഇന്‍കുബേറ്റ് ചെയ്തിരിക്കുന്ന സ്റ്റാര്‍ട്ടപ്പ് കൂടുതല്‍ ഗവേഷണങ്ങള്‍ക്ക് തയ്യാറെടുക്കുകയാണെന്ന് പ്രിന്‍സ് പറയുന്നു. കമ്പനിയുടെ ഗവേഷണങ്ങള്‍ക്കും വികസനത്തിനുമായി കൂടുതല്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കുവാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. ഇതിലൂടെ 2023 ജൂലൈയില്‍ തന്നെ റോബോര്‍ട്ടിനെ പുറത്തിറക്കുവാന്‍ സാധിക്കുമെന്ന് പ്രിന്‍സ് കരുതുന്നു.
അതേസമയം റോബോര്‍ട്ടിന്റെ രണ്ട് പതിപ്പുകള്‍ പുറത്തിറക്കുവാനാണ് ഇവരുടെ തീരുമാനം. ആദ്യത്തേത് റിമോര്‍ട്ട് ഉപയോഗിച്ച് നിയന്ത്രിക്കുന്നതാണെങ്കില് രണ്ടാമത്തേത് പൂര്‍ണമായും ഓട്ടോമേറ്റഡ് അയിരിക്കും. ഓട്ടോമേറ്റഡ് റോബോര്‍ട്ടിന് ഉല്‍പ്പാദനച്ചെലവ് കൂടുതലായതിനാല്‍ ആദ്യം ആന്‍ഡ്രോയിഡ് ആപ്പുമായി ബന്ധിപ്പിച്ച് പ്രവര്‍ത്തിക്കുവാന്‍ സാധിക്കുന്ന റിമോര്‍ട്ട് കണ്ട്രോള് പതിപ്പാണ് അവതരിപ്പിക്കുന്നത്. വിപണിയില്‍ 70,000 രൂപ മുതല്‍ ഒരു ലക്ഷം വരെയാണ് ത്രൈവിന്റെ വില പ്രതീക്ഷിക്കുന്നത്.