കൊച്ചി. സംസ്ഥാനം നേരിടുന്ന വലിയ വെല്ലുവിളികളില്‍ ഒന്നാണ് നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ ഉപയോഗം. ഇത്തരത്തില്‍ അമിതമായ പ്ലാസ്റ്റിക് ഉപയോഗം തന്നെയാണ് കൊച്ചി നഗരത്തെ വിഷപ്പുകയില്‍ മുക്കിയ ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തീപിടിത്തത്തിലും സംഭവിച്ചത്. ആറ് അടിയോളം താഴ്ചയില്‍ പ്ലാസ്റ്റിക് കൂടിക്കിടക്കുന്നതിനാല്‍ തി അണയ്ക്കുവാന്‍ ഒഴിക്കുന്ന വെള്ളം അടിയിലേയ്ക്ക് ഇറങ്ങുന്നില്ല. അടിയിലെ കനല്‍ കെടാത്തതാണ് വലിയ തോതില്‍ വിഷപ്പുക കൊച്ചി നഗരത്തെ മൂടുവാന്‍ കാരണം.
സംസ്ഥാന സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് നടത്തിയ പദ്ധതിയായിരുന്നു കേരളത്തിലെ ഒറ്റത്തവണ ഉപയോഗിച്ച ശേഷം ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക്കിന്റെ നിരോധനം എന്നാല്‍ ആ നിരോധനം ഫലപ്രധമായി നടത്തുവാന്‍ പിന്നീട് സര്‍ക്കാരിന് സാധിച്ചില്ല. നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ ഇന്നും കേരളത്തില്‍ ആവശ്യത്തിന വാങ്ങുവാന്‍ കഴിയും. അന്യ സംസ്ഥാനങ്ങളില്‍ നിന്നാണ് ഇത്തരം പ്ലാസ്റ്റിക് വസ്തുക്കള്‍ ഇതര സംസ്ഥാന ലോബികള്‍ കേരളത്തിലേക്ക് എത്തിക്കുന്നത്.
കേരളത്തില്‍ പൂര്‍ണമായും ഇത്തരം പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ നിര്‍മാണം നിര്‍ത്തിയെങ്കിലും രഹസ്യമായി കേരളത്തില്‍ പുറത്തുനിന്നും നിരോധിത വസ്തുക്കള്‍ എത്തുന്നു. തമിഴ്‌നാട്, കര്‍ണാടക, ഗുജറാത്ത് എന്നി സംസ്ഥാനങ്ങളില്‍ നിന്നാണ് പ്ലാസ്റ്റിക് എത്തുന്നത്. ബ്രഹ്‌മപുരത്ത് ഇപ്പോഴും കത്തിക്കൊണ്ടിരിക്കുന്നത് ഇത്തരത്തിലുള്ള നിരോധിത പ്ലാസ്റ്റിക്കാണ്.
കൃത്യമായ രീതിയില്‍ പരിശോധനകളും നിരീക്ഷണവും നടക്കാത്തതാണ് ഇത്തരം നിരോധിത പ്ലാസ്റ്റ് കേരളത്തിലേക്ക് കടത്തുവാന്‍ കാരണം. ഉദ്യോഗസ്ഥക്ക് മൂന്ന് തവണ നിരോധിത പ്ലാസ്റ്റിക് കണ്ടെത്തിയാല്‍ 50,000 രൂപ പിഴയും ലൈസന്‍സ് റദ്ദാക്കുവാനും കഴിയുമ്പോഴാണ് ഇവര്‍ ഒരു നടപടിയും സ്വീകരിക്കാതെ ഇരിക്കുന്നത്. സംസ്ഥാനത്ത് നിരോധനം നടത്തിയ ശേഷം കേരളത്തില്‍ ഇത്തരം പ്ലാസ്റ്റിക് നിര്‍മിച്ചിട്ടില്ലെന്ന് ഇതുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. കാരിബാഗുകള്‍ നിര്‍മിച്ചിരുന്ന നിവധി കമ്പനികള്‍ കേരളത്തില്‍ അടച്ചിരുന്നു.