ഇന്ത്യയില്‍ നിന്നും പ്രവാസികളായി എത്തി വിവിധ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട് ഗള്‍ഫ് രാജ്യങ്ങളിലെ ജയിലുകളില്‍ കഴിയുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് വിവരാവകാശ പ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തിലാണ് ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരെക്കുറിച്ച് അറിയുവാന്‍ സാധിച്ചത്. വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളില്‍ നിന്നും ശേഖരിച്ച വിവരമാണിത്.
കുവൈത്ത്, ഒമാന്‍ എന്നി രാജ്യങ്ങളിലെ ജയിലുകളില്‍ കഴിയുന്നത് 483 ഇന്ത്യക്കാരാണെന്ന് വിവരം. ഇത്തരത്തില്‍ ശിക്ഷിക്കപ്പെടുന്നവരില്‍ പകുതിയില്‍ അധികവും മലയാളികളാണെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ ഇന്ത്യക്കാര്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്നത് കുവൈറ്റിലാണ്. പത്ത് സ്ത്രീകള്‍ ഉള്‍പ്പടെ 428 പേര്‍ കുവൈത്ത് ജയിലില്‍ കഴിയുന്നുണ്ട്. ഒമാന്‍ ജയിലില്‍ അഞ്ച് വനിതകള്‍ ഉള്‍പ്പെടെ 55 പേരാണുള്ളത്.
പ്രധാനമായും സാമ്പത്തിക ക്രമക്കേട്, അക്രമം, കൊലപാതകം, മയക്കുമരുന്ന് ഇടപാട് എന്നീ കുറ്റങ്ങള്‍ ചെയ്ത് ശിക്ഷ അനുഭവിക്കുന്നവരാണ് ഇന്ത്യക്കാരില്‍ കൂടുതലും. ശിക്ഷിക്കപ്പെടുന്നവരില്‍ അണ്‍സ്‌കില്‍ഡ് ലേബര്‍ വിസകളില്‍ വിദേശത്തേക്ക് പോകുന്നവരാണെന്നും പുറത്ത് വന്ന വിവരങ്ങളില്‍ വ്യക്തമാകുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ എത്ര പേര്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമല്ല. സംസ്ഥാനം തിരിച്ചുള്ള കണക്ക് ലഭ്യമല്ലാത്തതാണ് കാരണം.
ലോകത്ത് വിവിധ രാജ്യങ്ങളിലെ ജയിലുകളില്‍ വിചാരണ നേരിടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്ത 8,441 ഇന്ത്യന്‍ പൗരന്‍മാരുണ്ടെന്ന് കഴിഞ്ഞ ഡിസംബറില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. ഇത്തരത്തില്‍ ശിക്ഷിക്കപ്പെട്ടവരില്‍ പകുതിയിലേറെ പേര്‍ സൗദി, ഖത്തര്‍ ബഹറിന്‍, കുവൈറ്റ്, ഒമാന്‍ എന്നി രാജ്യങ്ങളിലാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ രാജ്യങ്ങളില്‍ കഴിയുന്ന ഇന്ത്യക്കാരുടെ മോചനത്തിനായി ശ്രമിക്കുന്നുണ്ടെന്ന് എംബസികളും പറയുന്നു.