ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന സി സി ടി വി ക്യാമറകള്‍ ഇന്ത്യയില്‍ നിരോധിക്കണമെന്ന് ആവശ്യം. രാജ്യത്തിന്റെ സുരക്ഷയ്ക്ക് വലിയ ഭീഷണി സൃഷ്ടിക്കുന്ന ചൈനീസ് സി സി ടി വി ക്യാമറകളുടെ വില്‍പന നിരോധിക്കണമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സാണ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ഇത് സംബന്ധിച്ച പരാതി കേന്ദ്ര ഐ ടി മന്ത്രി രാജീവ് ചന്ദ്രശേഖറിന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് നല്‍കി.
വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ എത്രയും വേഗത്തില്‍ വേണമെന്നും ചൈനീസ് സി സി ടി വി കളുടൈ ഉപയോഗം രാജ്യത്ത് നിരോധിക്കണമെന്നും ഇവര്‍ പരാതിയില്‍ പറയുന്നു. ഇത്തരം ചൈനീസ് സി സി ടി വികള്‍ക്ക് ശേഖരിക്കുന്ന വിവരങ്ങള്‍ പുറത്തേക്ക് അയക്കുവാന്‍ സാധിക്കും. മുന്‍പ് ചൈനീസ് ആപ്പുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച മാതൃകയില്‍ രാജ്യത്ത് ചൈനീസ് സി സി ടി വികളുടെയും നിരോധനം നടപ്പാക്കണമെന്നാണ് ആവശ്യം.
ചൈനീസ് ക്യാമറുകളുടെ നിരോധനം നടപ്പാക്കിയാല്‍ അത് രാജ്യത്തെ സി സി ടി വി നിര്‍മാതാക്കളെ സഹായിക്കുമെന്നും. ഇന്ത്യന്‍ കമ്പനികളുടെ ഉല്‍പാദനം വര്‍ധിപ്പിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ പിന്ടുണ നല്‍കണമെന്നും കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് ആവശ്യപ്പെടുന്നു. രാജ്യത്തുനിന്നും വിലപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തി എടുക്കുന്ന കമ്പനികള്‍ക്കെതിരെ ശക്തമായ നിയമ നിര്‍മാണം നടത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
ചൈനീസ് സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നതോ അല്ലെങ്കില്‍ ഭാഗിക നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്നതോ ആയ കമ്പനികളുടെ ധാരാളം സി സി ടി വി ക്യാമറകള്‍ രാജ്യത്ത് വില്‍പന നടത്തുന്നുണ്ട്. വിദേശ രാജ്യങ്ങളായ യു കെ, ഓസ്‌ട്രേലിയ, അമേരിക്ക എന്നിവിടങ്ങളിലെ ദേശീയ സുരക്ഷാ മേഖലകളില്‍ ചൈനീസ് സി സി ടി വിക്ക് നിരോധനം ഉണ്ടെന്നും കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് ചൂണ്ടിക്കാട്ടുന്നു.