സുരേഷ് ഗോപിയുടെ തൃശൂരിലെ പ്രസംഗത്തിന് പിന്നാലെ വിമര്‍ശനവുമായി എത്തിയ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് മറുപടി നല്‍കി സുരേഷ് ഗോപി. വോട്ട് ലക്ഷ്യമാക്കിയല്ല താന്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. മത്സരിക്കുവാന്‍ ഉദേശിക്കുന്നത് തൃശൂരാണ്, എന്നാല്‍ കൂടുതല്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് വയനാട്ടിലും ഇടുക്കിയിലുമാണെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. സുരേഷ് ഗോപി ചാരിറ്റി പ്രവര്‍ത്തനം നടത്തുന്നത് വോട്ട് ലക്ഷ്യമാക്കി മാത്രമാണെന്നാണ് എം വി ഗോവിന്ദന്‍ പറഞ്ഞത്.
ഇത്തരത്തില്‍ ആരോപണങ്ങള്‍ ആര് ഉന്നയിച്ചാലും താന്‍ രാഷ്ട്രീയ പ്രവര്‍ത്തനമോ ചാരിറ്റി പ്രവര്‍ത്തനമോ നിര്‍ത്തില്ലെന്നും അങ്ങനെ ആരെങ്കിലും അത്തരത്തില്‍ കരുതുന്നുണ്ടെങ്കില്‍ അത് അതിമോഹമല്ല വ്യാമോഹമാണെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്ക് കിട്ടിയ ചെറിയ പണമെല്ലാം ചാരിറ്റിക്കായി നല്‍കി. ‘ഇതെല്ലാം വിളിച്ച് പറഞ്ഞ് നടക്കുന്നുവെന്ന് പറയുന്ന ചില അവന്‍മാരുണ്ട്.
അതിനകത്ത് പൊട്ടുന്നവന്മാര്‍. ചാരിറ്റി രാഷ്ട്രീയമായി വ്യാഖ്യാനിക്കപ്പെടുമെന്ന് ഭയപ്പെടുന്നവര്‍. താന്‍ രാജ്യസഭയില്‍ എം പിയായിരുന്ന കാലത്ത് ലഭിച്ച ശമ്പളവും ഇപ്പോള്‍ ലഭിക്കുന്ന പെന്‍ഷനും അടക്കം ചാരിറ്റിക്കായി മാറ്റിവെച്ചു. തന്റെ ശമ്പളത്തില്‍ നിന്നും ഒരു പൈസ പോലും താന്‍ എടുത്തിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.