ന്യൂഡല്‍ഹി. ബ്രഹ്മപുരം മലിന്യ സംസ്കരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ദേശീയ ഹരിത ട്രൈബ്യൂണല്‍. ബ്രഹ്മപുരത്ത് സംഭവിച്ച ദുരന്തത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണ്. വേണ്ടി വന്നാല്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്നും 500 കോടിയുടെ പിഴ ഈടാക്കുമെന്നും ദേശീയ ഹരിത ട്രൈബ്യൂണല്‍ മുന്നറിയിപ്പ് നല്കി.
തീപിടിത്തത്തെക്കുറിച്ച് മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ സ്വമേധയ കേസ് എടുത്തത്. ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത് മോശം ഭരണമാണെന്നും ട്രൈബ്യൂണല്‍ കുറ്റപ്പെടുത്തുന്നു. ട്രൈബ്യൂണല്‍ ചെയര്‍പേര്‍സണ്‍ എകെ ഗോയലിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് നിശിതമായ ഭാഷയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചു. അഡീഷണല്‍ ചീഫ് സെക്രട്ടറി വി വേണുവും നടപടി ക്രമങ്ങളുടെ ഭാഗമായി ഉണ്ടായിരുന്നു.
അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ കൂടെ സാന്നിധ്യത്തിലാണ് സംസ്ഥാന സര്‍ക്കാരിനെ ദേശീയ ഹരിത ട്രൈബ്യൂണല്‍ രൂക്ഷമായി വിമര്‍ശിച്ചത്. ബ്രഹ്മപുരം തീപിടിത്തത്തിന്റെ ഏക ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണെന്ന് ജസ്റ്റിസ് എകെ ഗോയല്‍ പറഞ്ഞു. തീപിടിത്തത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണ് അതില്‍ നിന്നും ഒഴിഞ്ഞുമാറുവാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് എകെ ഗോയല്‍ വ്യക്തമാക്കി.
വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് വേണ്ടിവന്നാല്‍ 500 കോടി രൂപ സര്‍ക്കാരില്‍ നിന്ന് പിഴ ഈടാക്കുമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ ഹൈക്കോടതി സ്വമേധയ കേസ് എടുത്തിട്ടുണ്ടെന്നും കേസിന്റെ നടപടി ക്രമം നടക്കുന്നതിനാല്‍ സമാന്തരമായ മറ്റൊരു കേസ് ട്രൈബ്യൂണലിന്റെ ഭാഗത്തു നിന്നും ഉണ്ടാകരുതെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന് കോടതിയെ അറിയിച്ചു.
എന്നാല്‍ ഇത് അംഗീകരിക്കുവാന്‍ ട്രൈബ്യൂണല്‍ തയ്യാറായില്ല. ഹൈക്കോടതിയുടെ നടപടി ക്രമങ്ങളില്‍ തങ്ങള്‍ ഇടപെടലുകള്‍ നടത്തില്ലെന്നും ഹൈക്കോടതി ഉത്തരവിന് കടക വിരുദ്ധമായ ഇടപെടല്‍ നടത്തില്ലെന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കി. തിപിടിത്തം സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ ദേശീയ ഹരിത ട്രൈബ്യൂണലിന് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് വിശദമായി പഠിച്ച ശേഷമായിരിക്കും തുടര്‍ നടപടി.