പുകവലിയും മദ്യപാനവും ആരോഗ്യത്തിനു ഹാനികരമാണെങ്കിലും മദ്യപിച്ചുകൊണ്ട് പാട്ടു പാടുന്നത് ആരോഗ്യത്തിനു ഹാനികരമല്ലെന്നു മാത്രമല്ല പലപ്പോഴും മലയാളികള്‍ക്ക് ഒഴിച്ചുകൂടാനാകാത്തതുമാണ്. (ഗ്ലാസില്‍ ഒഴിച്ചിരിക്കുന്നത് കള്ളോ റമ്മോ വിസ്‌കിയോ ജിന്നോ എന്തായാലും). അതുകൊണ്ടു തന്നെ മലയാള സിനിമകളിലുമുണ്ട് മദ്യപിച്ചു പാടുന്ന ഒട്ടേറെ രസികന്‍പാട്ടുകള്‍.
അക്കൂട്ടത്തിലേയ്ക്കാണ് റിലീസിനു തയ്യാറെടുക്കുന്ന ജവാനും മുല്ലപ്പൂവും എന്ന സുമേഷ് ചന്ദ്രന്‍, രാഹുല്‍ മാധവ്, ശിവദ ചിത്രത്തിലെ ഗാനം ജിങ്ക ജിങ്ക ജിങ്കാലേ എത്തിയിരിക്കുന്നത്. യുട്യൂബിലുള്‍പ്പെടെ സരിഗമ മലയാളത്തിന്റെ വിവിധ ചാനലുകളില്‍ എത്തിയിരിക്കുന്ന ഗാനം റിലീസായ ആഴ്ച തന്നെ തരംഗമായിക്കഴിഞ്ഞു. ചിത്രത്തിന്റെ സംഗീതസംവിധായകനായ മത്തായി സുനില്‍ തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ഗാനരചന തിരക്കഥാകൃത്തായ സുരേഷ് കൃഷ്ണയും. നാടന്‍പാട്ടിന്റെ ഈണവും രചനാരീതിയുമാണ് ഗാനത്തെ പോപ്പുലറാക്കിയ മറ്റൊരു ഘടകം. നവാഗതനായ രഘു മേനോനാണ് സുമേഷ് ചന്ദ്രന്‍, രാഹുല്‍ മാധവ്, ശിവദ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി 2 ക്രീയേറ്റീവ് മൈന്‍ഡ്സിന്റെ ബാനറില്‍ വിനോദ് ഉണ്ണിത്താനും സമീര്‍ സേട്ടും ചേര്‍ന്ന് നിര്‍മിക്കുന്ന ‘ജവാനും മുല്ലപ്പൂവും’ സംവിധാനം ചെയ്തിരിക്കുന്നത്. ജയശ്രീ ടീച്ചറുടെ അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം നിര്‍വ്വഹിച്ചിരിക്കുന്നത് സുരേഷ് കൃഷ്ണന്‍.