രാജ്യത്ത് സ്റ്റാര്‍ട്ടപ്പുകള്‍ വലിയ വളര്‍ച്ചയും ശ്രദ്ധയും നേടുമ്പോള്‍ മികച്ച ആശയവുമായി എത്തുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിന്തുണനല്‍കി രംഗത്തെത്തിയിരിക്കുകയാണ് കിംഗ് ഖാന്‍ മുതല്‍ പ്രിയങ്ക ചോപ്ര വരെ. രാജ്യത്ത് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനുകൂലമായ അന്തരീക്ഷമാണ് നില നില്‍ക്കുന്നത്. ഈ അവസരം മുതലെടുത്താണ് പല സെലിബ്രിറ്റികളും വലിയ നിക്ഷേപം സ്റ്റാര്‍ട്ടപ്പുകളില്‍ നടത്തുന്നത്.
17 ലധികം ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളിലാണ് ബോളിവുഡ് സെലിബ്രിറ്റികള്‍ നിക്ഷേപം നടത്തിയിരിക്കുന്നതെന്ന് കാണാം. ഈ അഭിനേതാക്കളില്‍ പലരും തങ്ങള്‍ നിക്ഷേപം നടത്തിയ സ്റ്റാര്‍ട്ടപ്പുകളുടെ ബ്രാന്‍ഡ് അംബാസഡര്‍മാരായി മാറുകയും ചെയ്തിട്ടുണ്ട്. ഇത്തരം നിക്ഷേപങ്ങളില്‍ ഭൂരിഭാഗവും ഡയറക്ട്-ടു-കണ്‍സ്യൂമര്‍ മേഖലയിലും, എഡ്ടെക്, ഇകൊമേഴ്സ്, ഫുഡ്ടെക്, ആരോഗ്യ പരിപാലനം, കാര്‍ഷിക സ്റ്റാര്‍ട്ടപ്പുകളിലാണ്.
ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ദീപിക പദുക്കോണിന രാജ്യത്തെ പ്രമുഖമായ ഏട്ടോളം സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപമുണ്ട്. ഇതിനെല്ലാം പുറമെ കെ എ എന്ന പേരില്‍ ഒരു നിക്ഷേപ സ്ഥാപനവും ദീപികയ്ക്കുണ്ട്. ഫര്‍ണിച്ചര്‍ കമ്പനിയായ ഫര്‍ലെന്‍കോ, ഫുഡ് ബ്രാന്‍ഡായ എപ്പിഗാമിയ, കോസ്‌മെറ്റിക് നിര്‍മാതാക്കളായ പര്‍പ്പിള്‍, ക്രിയേറ്റീവ് ആര്‍ട്‌സ് പ്ലാറ്റ് ഫോം ഫ്രണ്ട് റോ, ബഹിരാകാശ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് ബെലാട്രിക്‌സ് എയ്‌റോസ് പേസ് എന്നവിയില്‍ ദീപിക വലിയ നിക്ഷേപം നടത്തിയിട്ടുണ്ട്. സ്‌കിന്‍കെയര്‍ ബ്രാന്‍ഡായ 82 ഈസ്റ്റിന്റെ കോ ഫൗണ്ടര്‍ കൂടിയാണ് ദീപിക.
പ്രിയങ്ക ചോപ്രയും നിരവധി സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. ഡേറ്റിംഗ് ആപ്പായ ബംബിള്‍, യു എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ്റ് കമ്പനി അപ്പാര്‍ട്ട്‌മെന്റ് ലിസ്റ്റ്, സോഫ്റ്റ് സ്‌കില്ലുകള്‍ പഠിപ്പിക്കുന്ന ഹോള്‍ബര്‍ട്ടണ്‍ സ്‌കൂള്‍ എന്നിവയിലാണ് പ്രിയങ്ക ചോപ്രയ്ക്ക് നിക്ഷേപമുള്ളത്. ബോളിവുഡ് നടന്‍ കോസ്‌മെറ്റിക് ബ്രാന്‍ഡായ ഷുഗര്‍ കോസ്‌മെറ്റിക്‌സില്‍ നിക്ഷേപമുണ്ട്.
ഐശ്വര്യറായ് ബച്ചനും സ്റ്റാര്‍ട്ടപ്പ് കമ്പനികളില്‍ നിക്ഷേപിക്കുന്നതില്‍ പിന്നിലല്ല. ഹെല്‍ത്ത്-ടെക് സ്റ്റാര്‍ട്ടപ്പായ പോസിബിളിലും, എന്‍വയോണ്‍മെന്റ് ഇന്റലിജന്‍സ് കമ്പനി അംബിയിലും ഐശ്വര്യ നിക്ഷേപം നടത്തിയിരിക്കുന്നു. 50 ലക്ഷം രൂപയാണ് അംബിയില്‍ ഐശ്വര്യ നിക്ഷേപിച്ചത്. ഹെയര്‍കെയര്‍ ബ്രാന്‍ഡായ അനോമലി, റെസ്റ്റോറന്റ്, ഹോം ഡെക്കര്‍ ശൃംഖലയായ സോന, പ്രൊഡക്ഷന്‍ കമ്പനിയായ പര്‍പ്പിള്‍ പെബിള്‍ പിക്‌ച്ചേഴ്‌സ് എന്നിവയിലും താരത്തിന് നിക്ഷേപമുണ്ട്. ബോളിവിഡ് നടി ശില്‍പ ഷെട്ടി 2018 മുതല്‍ ബ്യൂട്ടി ബ്രാന്‍ഡായ മമ എര്‍ത്തിലെ നിക്ഷേപകയാണ്. 2022 ഡിസംബറില്‍ ഫണ്ടിംഗ് റൗണ്ടിന്റെ ഭാഗമായി മമ എര്‍ത്തിലേയ്ക്ക് താരം 6.7 കോടി രൂപ നിക്ഷേപിച്ചിരുന്നു.