ചിരട്ടയില്‍ വിസ്മയിപ്പിക്കുന്ന കലാരൂപങ്ങള്‍ നിര്‍മിക്കുകയാണ് ഏറ്റുമാനൂര്‍ സ്വദേശിയായ അനീഷ്. വിഗ്രഹങ്ങളും മൃഗങ്ങളും പക്ഷികളും എല്ലാം അനീഷ് ചിരട്ടയില്‍ നിര്‍മിക്കുന്നു. അനീഷ് തന്റെ പിതാവില്‍ നിന്നാണ് കരകൗശല വസ്തുക്കളുടെ നിര്‍മാണം പഠിച്ചത്. കുട്ടിക്കാലം മുതല്‍ ചിരട്ടയിലും തടിയിലും വിസ്മയിപ്പിക്കുന്ന കരകൗശല വസ്തുക്കള്‍ അനീഷ് നിര്‍മിക്കുന്നുണ്ട്.
ജോലി സമയത്ത് ലഭിക്കുന്ന ഇടവേളകളിലും വീട്ടില്‍ എത്തിയ ശേഷവുമാണ് അനീഷ് ചിരട്ടയില്‍ കരകൗശല വസ്തുക്കള്‍ ഉണ്ടാക്കുന്നത്. അനിഷ് നിര്‍മിക്കുന്ന ഇത്തരം വസ്തുക്കള്‍ക്ക് വിദേശത്ത് നിന്നടക്കം ഓഡറുകളും ലഭിക്കാറുണ്ട്. മിമിക്രിയിലും സംഗീതത്തിലും എല്ലാം തന്റേതായ ഇടം കണ്ടെത്തുവാനും ഈ കലകാരന് സാധിച്ചിട്ടുണ്ട്. ഉപഭോക്താക്കളുടെ ആവശ്യപ്രകാരവും അനീഷ് ചിരട്ടയില്‍ നിര്‍മാണം നടത്തുന്നു.
ഒരു രൂപം ചിരട്ടയില്‍ നിര്‍മിച്ച് എടുക്കുവാന്‍ ഏകദേശം ഒരാഴ്ചയോളം സമയം എടുക്കുമെന്ന് അനീഷ് പറയുന്നു. ജോലിക്ക് ശേഷം ഇതിനായി കൂടുതല്‍ സമയവും അനീഷ് നീക്കി വെക്കുന്നു. ചിരട്ട ആവശ്യമായ വലിപ്പത്തിലും രൂപത്തിലും വെട്ടിയെടുത്ത് കൃത്യമായി പശ ചേര്‍ത്ത് ഒട്ടിച്ചാണ് നിര്‍മാണം. ജോലിക്ക് പോകാതെ ശില്പം നിര്‍മിച്ചാല്‍ മൂന്ന് ദിവസം കൊണ്ട് ഒരെണ്ണം നിര്‍മിക്കുവാന്‍ സാധിക്കുമെന്ന് അനീഷ് പറയുന്നു.
ചിരട്ട ആവശ്യമായ വലിപ്പത്തില്‍ മുറിച്ച് എടുക്കുന്നതിനും മറ്റുമായി അനീഷ് സ്വന്തമായി ഉപകരണങ്ങളും നിര്‍മിച്ചിട്ടുണ്ട്. ജോലിക്ക് ശേഷം ശില്‍പം നിര്‍മാണത്തിലേക്ക് കടക്കുന്ന അനീഷ് പലപ്പോഴും രാത്രി വൈകിയും ശില്‍പനിര്‍മാണം തുടരുമെന്നും, ചിലപ്പോള്‍ അമ്മ വഴക്ക് ഉണ്ടാക്കാറുണ്ടെന്നും അനീഷ് പറയുന്നു. 14 വയസ്സിലാണ് ശില്‍പ നിര്‍മാണത്തിലേക്ക് അനീഷ് എത്തുന്നത്. അനീഷിനെ തേടി നിരവധി പുരസ്‌കാരങ്ങളും എത്തിയിട്ടുണ്ട്.