31 പേര്‍ക്ക് ഒന്നിച്ച് തുഴയുവാന്‍ സാധിക്കുന്ന മത്സര വള്ളം ഒറ്റയ്ക്ക് നിര്‍മിക്കുകയാണ് മോഹന്‍ദാസ്. കോഴിക്കോട് ബേപ്പൂര്‍ ഫെസ്റ്റില്‍ ചാലിയാറില്‍ ആവേശത്തിര ഒരുക്കുവനാണ് മോഹന്‍ദാസ് ഈ വള്ളം നിര്‍മിക്കുന്നത്. വള്ളം നിര്‍മാണത്തില്‍ വിദഗ്ധരായ ആറ് തൊഴിലാളികളുടെ ജോലിയാണ് മോഹന്‍ദാസ് ഒറ്റയ്ക്ക് ചെയ്യുന്നത്.
ശാസ്ത്രീയമായി വള്ളം നിര്‍മാണത്തില്‍ ഒന്നും പഠിച്ചിട്ടില്ല മോഹന്‍ദാസ്. പക്ഷേ പാരമ്പര്യമായി കൈമാറി വന്ന പൈതൃകം അച്ഛന്റെ പക്കല്‍ നിന്നും മോഹന്‍ദാസിലേക്കും എത്തുകയായിരുന്നു. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയില്‍ നിന്നുമാണ് മോഹന്‍ദാസ് കോഴിക്കോട് എത്തിയത്. മോഹന്‍ ദാസ് തനിച്ച് നിര്‍മിക്കുന്ന രണ്ടാമത്തെ വള്ളമാണിത്.
ബേപ്പൂര്‍ ഫെസ്റ്റിലേയ്ക്കായി കൊളത്തറ ജല്ലി ഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സ് ക്ലബിന് വേണ്ടിയുള്ള വള്ളമാണിത്. നിലമ്പൂര്‍ ആഞ്ഞിലി മരത്തിലാണ് വള്ളത്തിന്റെ നിര്‍മാണം. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആരംഭിച്ച വള്ളം നിര്‍മാണം രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. തടിക്ക് പുറമേ, ചെമ്പ് ആണിയും, ചകിരി കയറും, എള്ള് എണ്ണ, കുന്തിരിക്കം, തവിട് എന്നിവ വള്ളം നിര്‍മിക്കുവാന്‍ മോഹന്‍ദാസ് ഉപയോഗിക്കുന്നു.