തിരുവനന്തപുരം. കേരളത്തില്‍ വില്‍പന നടത്തുന്ന ഭക്ഷ്യ വസ്തുക്കളില്‍ കൂടിയ അളവില്‍ കീടനാശിനിയും അനുവദനീയമല്ലാത്ത കൃത്രിമ നിറങ്ങളും. സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ലാബില്‍ പരിശോധന നടത്തിയ വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. വേനല്‍ കടുത്തതോടെ തണുത്ത സോഡയ്ക്ക് ആവശ്യക്കാര്‍ കൂടുതലാണ്.
ഇത്തരം സോഡയില്‍ 260 ശതമാനത്തില്‍ അധികം ബാക്ടീരിയ കണ്ടെത്തിയതായിട്ടാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനാ ലാബിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കൃത്രിമ നിറമായ ടാര്‍ട്രാസിന്‍ അനുവദനീയമായതില്‍ കൂടുതലാണ് ശര്‍ക്കര, മിക്‌സ്ചര്‍, പലഹാരങ്ങള്‍, ഇന്‍സ്റ്റന്റ് പ്രീമിക്‌സ് ചായ എന്നിവയില്‍ കമ്‌ടെത്തിയിരിക്കുന്നത്. അതേസമയം സപ്ലൈകോയുടെ ലാഭം മാര്‍ക്കറ്റില്‍ നിന്നും ശേഖരിച്ച മുളക് പൊടിയില്‍ കീടനാശിനിയുടെ അളവ് 1700 ശതമാനത്തില്‍ കൂടുതലായിരുന്നു.
2022 ഡിസംബറിലാണ് സപ്ലൈകോയുടെ ലാഭം മാര്‍ക്കറ്റില്‍ നിന്നും സാമ്പിള്‍ ശേഖരിച്ചത്. അനുവദനീയമല്ലാത്ത പ്രിസര്‍വേറ്റീവ് ബദാം ഫ്‌ലേവറുള്ള ബ്രാന്‍ഡഡ് പാലില്‍ കണ്ടെത്തിയിട്ടുണ്ട്. ഗ്രീന്‍പീസില്‍ സിന്തറ്റിക് കളറായ ടാര്‍ട്രാസിനും ബ്രില്യന്റ് ബ്ലൂവും അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. സംഭാരത്തില്‍ യീസ്റ്റ് മോള്‍ഡിന്റെ അളവ് 740 ശതമാനത്തില്‍ കൂടുതലാണ്.
കൂടാതെ പഴം പൊരിയില്‍ ടാര്‍ട്രാസിന്‍, ടൊമാറ്റോ മുറുക്കില്‍ സിന്തറ്റിക് കളറായ കാര്‍മോയിസിന്‍, ലഡുവില്‍ സോര്‍ബേറ്റ്, ഇടിയപ്പം കോണ്‍ ഫ്‌ലവര്‍ എന്നിവയില്‍ ക്ലോറോപൈറിഫോസ് ഈഥൈല്‍ എന്ന കീടനാശിനിയും അടങ്ങിയിരിക്കുന്നു. അതേസമയം ചിക്കന്‍ ബര്‍ഗറില്‍ സാല്‍മൊണല്ല ബാക്ടീരിയയും കണ്ടെത്തിയിട്ടുണ്ട്. പ്ലം കേക്കില്‍ ബെന്‍സോയിക് ആസിഡ്, പേരയ്ക്കയില്‍ തയാമേതോക്‌സാം, വിവിധതരം കേക്കുകളില്‍ സോര്‍ബിക് ആസിഡ് എന്നിവയും കണ്ടെത്തി.
ഷവര്‍മ, ചിക്കന്‍ ഫ്രൈ, വറുത്ത കപ്പലണ്ടി, ടൂട്ടി ഫ്രൂട്ടി എന്നിവയില്‍ സിന്തറ്റിക് കളറായ സണ്‍സെറ്റ് യെല്ലോ. കേരളത്തില്‍ കൂടുതല്‍ ആവശ്യക്കാരുള്ള കുഴിമന്തിയില്‍ നടത്തിയ പരിശോധനയില്‍ സണ്‍സെറ്റ് യെല്ലോ എന്ന കളര്‍ കൂടിയ അളവില്‍ ചേര്‍ക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന വിവരങ്ങള്‍ 2022 ഡിസംബര്‍, 2023 ജനുവരി എന്നി മാസങ്ങളിലെ കണക്കുകളാണ്. എലി ഉള്‍പ്പെടെയുള്ള ജീവികളുടെ കാഷ്ഠം, കളനാശിനികള്‍, കീടനാശിനികള്‍, ആന്റിബയോട്ടിക്കുകളുടെ സാന്നിധ്യവും കഴിഞ്ഞ മാസങ്ങളില്‍ പല ഭക്ഷണ പദാര്‍ഥങ്ങളിലും നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.