വേനലിൽ പ്രകൃതി ചുട്ടുപൊള്ളുമ്പോൾ ജലാശയങ്ങൾ വറ്റി വരണ്ട് കുടിവെള്ളം കിട്ടാത്ത അവസ്ഥയാണ് പലയിടങ്ങളിലും. എന്നാൽ പതിറ്റാണ്ടുകളായി വറ്റി പോകാതെ മുന്നൂറോളം വീടുകളിൽ ജലമെത്തിക്കുന്ന ഒരു വിശേഷപ്പെട്ട നീരുറവയുണ്ട്. അതാണ് കമല നീരാഴി
തെക്കുംകൂർ രാജാക്കന്മാർ നീരാടാൻ നിർമ്മിച്ച ഉറവയാണ് കമല നീരാഴി. അഞ്ഞൂറു വർഷത്തിലേറെ പഴക്കുള്ള ഈ ഉറവ പരപ്പനാട്ട് കൊട്ടാരത്തിന്റെ ഭാഗമയിരുന്നു. രാജ ഭരണ കാലത്ത് സാമ്പ്രി എന്ന പേരിൽ നാട്ടകത്ത് കൊട്ടാരം നിലനിന്നിരുന്നു. പിന്നീട് എ ഡി 1790-ൽ അഭയാർഥികളായി മലബാറിൽ നിന്നും തിരുവിതാംകൂറിലേക്ക് എത്തിയ പരപ്പനാട്ട് രാജവംശത്തിന്റെ പിൻ തലമുറക്കാരുടെ ഉടമസ്ഥതയിലായിരുന്നു നീരാഴി കൊട്ടാര അധികൃതർ കുളം വാട്ടർ അതോറിറ്റിയ്ക്ക് നല്കി.
പിന്നീട് പഞ്ചായത്ത് ഏറ്റെടുത്തു കുടിവെള്ള വിതരണം തുടങ്ങി. ഇപ്പോൾ പഞ്ചായത്ത് നാഗര സഭയിൽ ലയിച്ചപ്പോൾ ഉടമസ്ഥാവകാശം നഗരസഭയ്ക്കാണ്. കമല നീരാഴിയിൽ നിന്നുള്ള വെള്ളത്തിന് കരമില്ല, മീറ്ററും വച്ചിട്ടില്ല. വാർഡ് സമിതി ചുമതലപ്പെടുത്തിയിരിക്കുന്ന തങ്കമ്മയ്ക്ക് നൂറു രൂപ നല്കിയാൽ മാത്രം മതി കണക്ഷൻ കിട്ടാൻ. പുതുതായി വീടു വയക്കുന്ന വർക്കൊക്കെ വാട്ടർ അതോറിറ്റി കണക്ഷനെക്കാൾ വിശ്വാസം കമല നീരാഴിയിൽ.
ദിവസം രണ്ടു നേരമാണ് പൈപ്പ് ലൈൻ വഴി വെളളമെത്തുന്നത്. രാവിലെ കുന്നുംപുറം പ്രദേശത്തേക്കും ഉച്ച കഴിഞ്ഞു വാലേക്കടവ് പ്രദേശത്തേക്കും. തങ്കമ്മയാണ് കമലനീരാഴിയിലെ പമ്പ് ഓപ്പറേറ്റർ. താമര ഇതളിന്റെ ആകൃതിയലുള്ള കൽക്കെട്ടുകളിൽ ഏഴ് സെന്റോളം സ്ഥലത്താണ് കമല നീരാഴി നിർമ്മിച്ചിരിക്കുന്നത്. വൃത്താകൃതിയിലാണ് പുറം ഭിത്തി. 13 താമരയിതളുകൾ പോലെ ചെങ്കല് അടുക്കി കെട്ടിയതാണ് നീരാഴിയുടെ ഉൾ ഭാഗം.