വന്ദേഭാരത് രാജ്യത്തിന്റെ അഭിമാനമാകുമ്പോൾ രണ്ട് വ്യക്തികളുടെ സ്വപ്നമാണ് യാഥാർത്യമായത്. ഒന്ന് ഇന്ത്യയുടെ പ്രധനമന്ത്രി നരേന്ദ്രമോദിയും മറ്റേയാൾ വന്ദേഭാരതിന്റെ ശില്പിയായ സുദാംശുമണിയുമാണ്. വന്ദേഭാരത് എന്ന സ്വപ്നം നിറവേറ്റുവാൻ സുധാംശു മണി നടത്തിയ പരിശ്രമത്തിന്റെ കഥ ഏതൊരു ഇന്ത്യക്കാരനും അറിയേണ്ടതാണ്.
കാലഹരണപ്പെട്ട ഡിസൈനായിരുന്നു എക്കാലവും ഇന്ത്യൻ ട്രെയിനുകളുടെ മുഖമുദ്ര. മറ്റു രാജ്യങ്ങൾ കോച്ചുകളും ട്രെയിനുകളും പരിഷ്കരിച്ചു അവയുടെ വേഗം കൂട്ടി ആധുനിക ലോകത്തിനൊപ്പം ഓടിയപ്പോൾ നൂറ്റാണ്ടുകളുടെ പഴമ നിറച്ച ഇരുമ്പു പാട്ടകളായിരുന്നു നമ്മുടെ കോച്ചുകൾ. ഇതിന്റെ പൊളിച്ചെഴുത്തായിരുന്നു ഇന്ത്യ 2018ൽ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ ആധുനിക ട്രെയിൻ സെറ്റായ ട്രെയിൻ 18. മണിക്കൂറിൽ 160 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാവുന്ന ട്രെയിൻ. ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമിച്ച ട്രെയിൻ 18, വന്ദേഭാരത് എന്ന പേരിലാണു സർവീസ് നടത്തുന്നത്.
നമ്മുടെ എൻജിനീയറിങ് മികവിന്റെ ഉദാഹരണമാണു വന്ദേ ഭാരത് ട്രെയിനുകൾ. മേക്ക് ഇൻ ഇന്ത്യ പരിശ്രമങ്ങൾക്കുള്ള വലിയ പ്രചോദനവും. ഐ സി എഫ് ജനറൽ മാനേജരായിരുന്ന ഇന്ത്യൻ റെയിൽവേ മെക്കാനിക്കൽ സർവീസ് ഉദ്യോഗസ്ഥൻ സുധാംശു മണിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ നിശ്ചയദാർഢ്യവും സമർപ്പണവുമായിരുന്നു ഈ മുന്നേറ്റത്തിനു പിന്നിൽ. എന്തിനേയും കണ്ണടച്ച് എതിർക്കുന്ന, ഒരു മാറ്റത്തിനും തയാറാകാത്ത, ഇപ്പോഴും ബ്രീട്ടീഷ് ഭരണത്തിന്റെ അവശേഷിപ്പുകളിൽ അഭിരമിക്കുന്ന റെയിൽവേ സംവിധാനത്തിന്റെ ഉള്ളിൽ നിന്നുകൊണ്ടു ആധുനിക ട്രെയിൻ നിർമിച്ച സംഭവ ബഹുലമായ ദിനങ്ങളാണു സുധാംശു മണി എഴുതിയ മൈ ട്രെയിൻ 18 സ്റ്റോറി എന്ന പുസ്തകം അനാവരണം ചെയ്യുന്നത്.
പദ്ധതിക്കായി കാലു പിടിക്കാനും തയാറായ കാലത്തെക്കുറിച്ച് പിന്നീട് സുധാംശു മണിതന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. ഒരു ഫയലിലും തീരുമാനമെടുക്കാതെ ചോദ്യങ്ങൾ മാത്രം ചോദിക്കുന്നവരായിരുന്നു റെയിൽവേ ഉദ്യോഗസ്ഥർ. വിദേശത്തുനിന്നു കോച്ചുകൾ ഇറക്കുമതി ചെയ്യാൻ മാത്രം ഉൽസാഹിക്കുന്ന ഉദ്യോഗസ്ഥർക്ക് മുന്നിൽ രാജ്യത്ത് തന്നെ നിലവാരത്തിലുള്ള ട്രെയിൻ നിർമിക്കാമെന്നു ബോധ്യപ്പെടുത്തി പദ്ധതിക്ക് അനുമതി വാങ്ങുക എന്നതായിരുന്നു മണി നേരിട്ട ആദ്യ വെല്ലുവിളി.
ഐ സി എഫിന്റെ ജനറൽ മാനേജർ സ്ഥാനം ഏറ്റെടുത്തതിനു തൊട്ടു പിന്നാലെ 2016ലാണു മണി പുതിയ ഡിസൈനിൽ വേഗം കൂടിയ ട്രെയിൻ എന്ന ആശയവുമായി റെയിൽവേ ബോർഡിനെ സമീപിക്കുന്നത്. ഒരു ഫയൽ നീങ്ങാൻ മാസങ്ങൾ എടുക്കുന്ന ബോർഡിൽ, വിവിധ വകുപ്പുകൾ തമ്മിലുള്ള വടംവലിയ്ക്കൊടുവിൽ 2017 ഏപ്രിലിലാണ് പദ്ധതിയുമായി മുന്നോട്ടു പോകാൻ അനുമതി ലഭിക്കുന്നത്.
പുസ്തകത്തിൽ ഒരിടത്തു പദ്ധതിക്കു റെയിൽവേ ബോർഡ് അനുമതി ഇല്ലെന്നറിഞ്ഞ ഘട്ടത്തെ കുറിച്ചു മണി പറയുന്നുണ്ട്. ഡൽഹിയിൽ പോയി അന്നത്തെ റെയിൽവേ ബോർഡ് ചെയർമാൻ എ.കെ.മിത്തലിനെ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നു കണ്ട ശേഷം ഈ പദ്ധതിക്ക് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട മണി അതിനു വേണ്ടി അദ്ദേഹത്തിന്റെ കാലു പിടിക്കാൻ പോലും മടിക്കില്ലെന്നു പറഞ്ഞു. തിരികെ ചെന്നൈയിൽ വിമാനമിറങ്ങുമ്പോൾ പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള ഉത്തരവ് ഐ സി എഫിൽ എത്തിയിരുന്നു.
കഴിവുള്ള, പുത്തൻ ആശയങ്ങൾക്കൊപ്പം സഞ്ചരിക്കാൻ തയാറായ ഒരു ഉദ്യോഗസ്ഥ സംഘത്തെ നയിച്ച കഥയും അത് ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലുണ്ടാക്കിയ മാറ്റങ്ങളും സുധാംശു മണി വരച്ചു കാട്ടുന്നു. വിദേശത്തു നിന്നു ഇറക്കുമതി ചെയ്ത സീറ്റുകളൊഴികെ ബാക്കിയെല്ലാം ഘടകങ്ങളും ഇന്ത്യയിൽനിന്നു തന്നെ ലഭ്യമാക്കിയാണു ട്രെയിൻ 18 നിർമിച്ചത്. അതിനു വേണ്ടിയുള്ള പരിശ്രമങ്ങൾ ചില്ലറയായിരുന്നില്ല. ഡിസൈനിൽ സഹായിക്കാൻ വിദേശത്തു നിന്നുള്ള 2 കൺസൾട്ടന്റുകളുടെ സേവനവും ലഭ്യമാക്കിയിരുന്നു. ഇറക്കുമതി ചെയ്താൽ 180 കോടി രൂപയോളം ചെലവു വരുന്ന ട്രെയിനാണു 97 കോടി രൂപയ്ക്കു സുധാംശു മണിയും സംഘവും റെക്കോർഡ് സമയമായ 18 മാസം കൊണ്ടു ചെന്നൈയിൽ നിർമിച്ചത്. വന്ദേ ഭാരത് ട്രെയിനുകളുടെ പേറ്റന്റ് ഐ സി എഫിനു സ്വന്തമാണ്.
പദ്ധതിയിലുൾപ്പെട്ട ഉദ്യോഗസ്ഥരെ വിജിലൻസ് കേസിൽ കുടുക്കാൻ വരെ നീക്കം നടന്ന ഘട്ടത്തിലാണു പാതിയിൽ നിർത്തിയ പുസ്തകമെഴുത്തു മണി വീണ്ടും തുടങ്ങിയത്. പല കോണുകളിൽ നിന്നു പദ്ധതി തടസപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിലാണു പുസ്തകം പുറത്തു വന്നത്. ഒരു ലോബി എല്ലാ കാലത്തും വന്ദേഭാരതിന് എതിരേ പ്രവർത്തിച്ചിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.
വിവിധ വകുപ്പുകൾ തമ്മിലുള്ള പ്രശ്നങ്ങൾ, അസൂയ, സ്വാർത്ഥത എന്നിവ അൽപം കൂടി മുന്നോട്ടു പോകും എന്നാൽ ഒരു നല്ല കാര്യത്തെ അവയ്ക്കൊന്നും ഇല്ലാതാക്കാൻ കഴിയില്ലെന്നു മണി എഴുതുന്നു. ഒട്ടേറെ സാങ്കേതിക കാര്യങ്ങൾ കടന്നു വരുന്നുണ്ടെങ്കിലും സാധാരണ വായനക്കാരനു മനസ്സിലാക്കാൻ കഴിയുന്നവയാണ് ഏറെയും.