കുമളി. ചിന്നക്കനാലില്‍ നിന്നും നാട് കടത്തിയ അരിക്കൊമ്പന് വീണ്ടും ജനവാസ മേഖലയിലെത്തി. അരിക്കൊമമ്പന് മേഖമല ഹൈവേസ് ഡാമിന് സമീപത്താണ് എത്തിയത്. ഇവിടെ കൃഷി നശിപ്പിക്കുവാന്‍ അരിക്കൊമ്പന് ശ്രമിച്ചു. നാട്ടുകാരുടെയും വനപാലകരുടെയും ഇടപടലിനെ തുടര്‍ന്ന് ആന തിരിക കാട്ടിലേക്ക് പോയി. കഴിഞ്ഞ ദിവസം മേഘമലയില്‍ തേയിലത്തോട്ടത്തിലൂടെ അരിക്കൊമ്പന് നടക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.
മഴ മേഘങ്ങള്‍ മൂലം അരിക്കൊമ്പന്റെ റോഡിയോ കോളറല്‍ നിന്നും സിഗ്നല്‍ ലഭിക്കുന്നില്ല. തമിഴ്നാട് വന മേഖലയോട് ചേര്‍ന്ന ജനവാസമുള്ള പ്രദേശമാണ് മേഖമല. ഇവിടുത്തെ ജനങ്ങള്‍ അരിക്കൊമ്പനെ പേടിച്ച് കഴിയുകയാണ്. അരിക്കൊമ്പന് സ്ഥലത്ത് എത്തിയതോടെ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് വനംവകുപ്പ്. ഇതിനായി 120 പേരടങ്ങുന്ന സംഘത്തെയും തമിഴ്നാട് നിയോഗിച്ചു.
അരിക്കൊമ്പനെ തുറന്ന് വിട്ട സ്ഥലത്തുനിന്നും ആന 40 കിലോമീറ്റര്‍ സഞ്ചരിച്ചിട്ടുണ്ട്. അരിക്കൊമ്പന് വിലസിയിരുന്ന ചിന്നക്കനാലിലെ സാഹചര്യങ്ങള്‍ക്ക് അനുകൂലമാണ് മേഘമലയും. ഈ പ്രദേശത്ത് വനത്തില്‍ നിന്നും പുറത്തിറങ്ങിയാല്‍ ആനയ്ക്ക് തേയിലത്തോട്ടത്തില്‍ എത്തുവാന്‍ സാധിക്കും. അതേസമയം അരിക്കൊമ്പന് ഒരു വീടിന്റെ വാതില്‍ തകര്‍ത്തുവെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് തമിഴ്നാട് വനം വകുപ്പ് അറിയിച്ചു.