മലപ്പുറം. താനൂര്‍ തൂവല്‍ തീരത്തുണ്ടായ ബോട്ട് അപകടത്തില്‍ 18 പേര്‍ മരിച്ചു. മരിച്ചവരില്‍ കൂടുതലും കുട്ടികളാണെന്നാണ് ലഭിക്കുന്ന വിവരം. ഇതിനോടകം 15 പേരെ രക്ഷപ്പെടുത്തി. ഇനിയും അഞ്ച് പേരെ കണ്ടെത്തുവാനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ തിങ്കളാഴ്ച രാവിലെ അപകടസ്ഥലം സന്ദര്‍ശിക്കുമെന്നാണ് ലഭിക്കുന്ന വിവരം. രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായി തുടരുകയാണെന്ന് ഫയര്‍ഫോഴ്‌സ് മേധാവി ബി സന്ധ്യ പറഞ്ഞു.
അതേസമയം അപകടത്തില്‍ പെട്ട ബോട്ടിന് ലൈസന്‍സ് ഇല്ലെന്നാണ് വിവരം. 25 പേര്‍ക്ക് സഞ്ചരിക്കുവാന്‍ സാധിക്കുന്ന ബോട്ടില്‍ 40 പേരുണ്ടായിരുന്നതായിട്ടാണ് വിവരം. ഫയര്‍ഫോഴ്‌സിന്റെ നാല് യൂണിറ്റാണ് സ്ഥലത്തുള്ളത്. ബോട്ട് മുങ്ങിയ സംഭവത്തില്‍ ഏകോപിതമായി അടിയന്തിര രക്ഷാപ്രവര്‍ത്തനം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മലപ്പുറം ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
മുഴുവന്‍ സംവിധാനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള ഇടപെടല്‍ നടന്നു വരികയാണ്. താനൂര്‍, തിരൂര്‍ ഫയര്‍ യൂണിറ്റുകളും പൊലീസ്, റവന്യൂ, ആരോഗ്യ വിഭാഗവും, നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, വി അബ്ദുറഹ്‌മാന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കും. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.