ആശുപത്രികളെയും ആരോഗ്യപ്രവര്‍ത്തകരെയും യുദ്ധഭൂമിയില്‍ പോലും ആക്രമിക്കുവാന്‍ പിടില്ല. എന്നാല്‍ കേരളത്തില്‍ ആശുപത്രികള്‍ക്ക് നേരെയും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയും ഉണ്ടാകുന്ന ആക്രമണങ്ങള്‍ക്ക് കുറവില്ല താനും. തിരുവനന്തപുരത്ത് കഴിഞ്ഞ അഞ്ച് മാസം മുമ്പ് അര്‍ദ്ധരാത്രിയില്‍ ഐ സി യു ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടറെ വയറില്‍ ചവിട്ടിയത് വലിയ വാര്‍ത്തയായിരുന്നു.
സംഭവം ചര്‍ച്ചയായപ്പോള്‍ മാത്രം കുറേപേര്‍ അഭിപ്രായങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ എത്തും. എന്നാല്‍ ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുവാന്‍ പോലും സര്‍ക്കാരിനോ മറ്റ് സംവിധാനങ്ങള്‍ക്കോ സാധിക്കുന്നില്ല എന്നതാണ് സത്യം. ഈ വാര്‍ത്തകള്‍ക്ക് താഴെ വരുന്ന പ്രതികരണങ്ങള്‍ നോക്കിയാല്‍ വ്യക്തമാകും ഇതൊന്നും പെട്ടന്നുള്ള വൈകാരിക പ്രകടമനല്ലെന്ന്.
ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ ആരെങ്കിലും ആക്രമിച്ചുവെന്നുള്ള വാര്‍ത്ത പുറത്ത് വന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാകുന്നത് ഇതിനെ എല്ലാം കണ്ട് സന്തോഷിക്കുന്ന ചിലര്‍ നമ്മുടെ സമൂഹത്തിലുണ്ട് എന്നതിന്റെ സൂചനയാണ്. തരം കിട്ടിയാല്‍ കൈകാര്യം ചെയ്യുവാന്‍ കാത്തിരിക്കുന്നവരെയും ആരാണെന്നോ എന്താണെന്നോ അറിയാതെ ഏതോ ഒരു ഡോക്ടര്‍ക്ക് അടി കിട്ടിയാല്‍ ആഹ്ലാദിക്കുന്നവരെയും നമുക്ക് സോഷ്യല്‍ മീഡിയയില്‍ കാണാന്‍ സാധിക്കും.
ലോകത്തില്‍ എവിടെയും സംഭവിക്കുവാന്‍ പാടില്ലാത്തത് ഇന്ന് നമ്മുടെ ഈ കൊച്ച് കേരളത്തില്‍ സംഭവിച്ചു. കൊട്ടാരക്കരയില്‍ ഡോക്ടര്‍ വന്ദന ദാസ് രോഗിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. കേളത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ ഒന്നില്‍ ഒതുങ്ങുന്നതല്ല. 2021 മുതല്‍ കേരളത്തില്‍ 136 ആക്രമണങ്ങളാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയോ ആശുപത്രികള്‍ക്ക് നേരെയോയായി ഉണ്ടായിട്ടുള്ളത്.
സംസ്ഥാനത്ത് ഇത്തരത്തില്‍ നടക്കുന്ന അക്രമണങ്ങളില്‍ ഹൈക്കോടതി പോലും ആശങ്ക അറിയിച്ചിരുന്നു. ഈ വിഷയങ്ങള്‍ എല്ലാം മുന്നില്‍ നില്‍ക്കുമ്പോഴാണ് മുന്‍ മന്ത്രിയും എം എല്‍ എയുമായ വ്യക്തി പോലും നിസമസഭയില്‍ ഡോക്ടര്‍മാര്‍ തല്ലുകൊള്ളേണ്ടവരാണെന്ന് പറയുന്നത്. ഇതിനെ കേരള ജനത സ്വീകരിച്ചതാകട്ടെ കയ്യാടികളോടെയും. എം എല്‍ എയുടെ പ്രതികരണത്തിനെതിനെ നിയമസഭയിലോ പുറത്തോ പ്രതികരിക്കുവാന്‍ പോലും രാഷ്ട്രീയ കക്ഷികള്‍ക്ക് സ്വാധിച്ചില്ല.
ഭരണകൂടത്തിന്റെ ചുമതലയാണ് സുരക്ഷിതമായി ജോലി ചെയ്യുവാനും ജീവിക്കുവാനും ജനങ്ങള്‍ക്ക് സുരക്ഷ നല്‍കേണ്ടത്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പോലും ജീവനക്കാര്‍ക്ക് സുരക്ഷ നല്കുവാന് സാധിക്കുന്നില്ലെങ്കില്‍ സ്ഥാപനങ്ങള്‍ അടച്ച് പൂട്ടണം. ഇത്രയധികം സംഭവങ്ങളും പരാതികളും പ്രതിഷേധങ്ങളും ഉണ്ടായിട്ടും കേരളത്തില്‍ വീണ്ടും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം ഉണ്ടാകുന്നുണ്ടെങ്കില്‍ അതിന് ഉത്തരവാദികള്‍ സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രിയുമാണ്. അധികാരികളുടെ നിസംഗതയുടെയും ഉദാസീനതയുടെയും ഒടവിലത്തെ രക്തസാക്ഷിയാണ് ഡോക്ടര്‍ വന്ദനദാസ്.