പ്രധാനമന്ത്രി നരേന്ദ്രമോദി ഭാരതത്തിന്റെ പുതിയ പാര്‍ലമെന്റെ മന്ദിരം രാജ്യത്തിന് സമര്‍പ്പിക്കുമ്പോള്‍ പുതിയ ഒരു ചരിത്രത്തിന് കൂടിയാണ് തുടക്കമാകുന്നത്. പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ രാജ്യത്തെ രാഷ്ട്രീയകാറ്റ് തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റുവനാണ് ബിജെപിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ശ്രമിക്കുന്നത്. അടുത്തവര്‍ഷം രാജ്യത്ത് നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയിച്ചുകയറുവാനുള്ള ദിശാസൂചനകളും പാര്‍മെന്റ് മന്ദിരത്തിന്റെ ഉദ്ഘാടത്തില്‍ സംഭവിക്കുന്നുണ്ട്.
ലോക്‌സഭയുടെ വലുപ്പവും എംപിമാരുടെ എണ്ണവും
പുതിയ ലോക്‌സഭായില്‍ എംപിമാര്‍ക്ക് വിശാലമായി ഇരിക്കുവാന്‍ സാധിക്കും. 888 പേര്‍ക്കാണ് ഇവിടെ ഇരിപ്പിടം തയ്യാറാക്കിയിരിക്കുന്നത്. സംയുക്ത സമ്മേളനം നടക്കുമ്പോള്‍ 1200 പേര്‍ക്ക് ഇരിക്കാവുന്ന രീതിയില്‍ മാറ്റുവാനും സാധിക്കും. ജനസംഖ്യയില്‍ രാജ്യം ലോകത്ത് ചൈനയെ മറികടന്നിരിക്കുകയാണ്. അതിനാല്‍തന്നെ ജനസംഖ്യാനുപാതികമായി എംപിമാരുടെ എണ്ണത്തിലും വര്‍ധവ് ആവശ്യമായി വന്നിരിക്കുന്നു.
പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ ലോക്‌സഭാ മണ്ഡലങ്ങളുടെ പുനര്‍നിര്‍ണയം വൈകില്ലെന്ന് മനസ്സിലാക്കാന്‍ സാധിക്കും. ജനസംഖ്യ കൂടിയെങ്കിലും വര്‍ഷങ്ങളായി എംപിമാരുടെ എണ്ണം കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നില്ല. ലോക്‌സഭ സീറ്റുകളുടെ എണ്ണം 523ല്‍ നിന്നും 545ലേക്ക് ഉയര്‍ത്തിയത് 1973ലെ 31-ാം ഭരണഘടന ഭേദഗതിയിലൂടെയാണ്. 1976ല്ഡ അടുത്ത 25 വര്‍ഷത്തേക്ക് സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കേണ്ടന്ന് തീരുമാനിച്ചു. തുടര്‍ന്ന് 2001ല്‍ ഇത് അടുത്ത 25 വര്‍ഷത്തേക്ക് കൂടെ നീട്ടുകയായിരുന്നു.
അതേസമയം ഈ സമയം 2026ല്‍ അവസാനിക്കുമെന്ന് ഇരിക്കെയാണ് ഇന്ത്യന്‍ ജനാധിപത്യത്തിന് കേന്ദ്രസര്‍ക്കാര്‍ പുതിയ മുഖം നല്‍കുന്നത്. മണ്ഡലപുനര്‍നിര്‍ണയത്തിന് കമ്മീഷന്‍ രൂപീകരണവും തുടര്‍ നടപടികളും ഉടന്‍ വരും. കോവിഡ് മൂലം 2021ലെ സെന്‍സസ് എടുക്കുവാന്‍ കഴിഞ്ഞിരുന്നില്ല. നിലവില്‍ ലഭ്യമായ കണക്ക് 2011ലേതാണ്. അതേസമയം 2031ല്‍ നടക്കുന്ന സെന്‍സസിനായി കാത്തിരിക്കുമോ എന്നതാണ് ചോദ്യം. 2026ല്‍ പുനര്‍നിര്‍ണയം വന്നാല്‍ 2031മുതല്‍ തുടര്‍ന്ന് തിരഞ്ഞെടുപ്പുകളില്‍ ഇത് ഉപകാരപ്പെടും.
ജനസംഖ്യ നിയന്ത്രണം കേരളത്തിന് തിരിച്ചടിയാകുമ്പോള്‍
ജമസംഖ്യാനുപാതികമായിട്ടാണ് മണ്ഡല പുനര്‍നിര്‍ണയമെങ്കില്‍ സീറ്റുകളുടെ എണ്ണം 800 ല്‍ എത്തി നില്‍ക്കും. അതേസമയം രാജ്യത്തെ ജനസംഖ്യനിയന്ത്രണം കൃത്യമായി നടപ്പാക്കിയ സംസ്ഥാനമായ കേരളത്തിന് ഇത് തിരിച്ചടിയാകും. നിലവില്‍ 20 എംപി മാരാണ് കേരളത്തില്‍ നിന്നും ഉള്ളത്. ഇതില്‍ വലിയ മാറ്റം ഒന്നും ഉണ്ടാകില്ല. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ വലിയ തോതിലുള്ള വര്‍ധനവ് ഉണ്ടാകുകയും ചെയ്യും. ഉത്തരപ്രദേശിലെ കാര്യം എടുത്താല്‍ തന്നെ ജനസംഖ്യയില്‍ വലിയ വര്‍ധനവാണ് സംഭവിച്ചിരിക്കുന്നത്. അതിനാല്‍ നിലവിലെ 80 സീറ്റില്‍ നിന്നും 143 സീറ്റിലേക്ക് യുപിയിലെ എംപിമാരുടെ എണ്ണം വര്‍ധിക്കും.
മഹാരാഷ്ട്രയില്‍ 48ല്‍നിന്നും 84ലേക്ക് സീറ്റുകളുടെ എണ്ണം വര്‍ധിക്കുമ്പോള്‍ ബംഗാളില്‍ 42 സീറ്റില്‍ നിന്നും 72 സീറ്റിലേക്ക് എണ്ണം വര്‍ധിക്കും. പ്രദാന സംസ്ഥാനങ്ങളില്‍ എല്ലാം തന്നെ ഇത്തരത്തില്‍ സീറ്റ് വര്‍ധനവ് ഉണ്ടാകും. ആകെ ജനസംഖ്യ 60 ലക്ഷത്തില്‍ കുറവായ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും സീറ്റ് നിര്‍ണയത്തില്‍ ഇളവുണ്ട്. കുറഞ്ഞത് ഒരു സീറ്റ് എല്ലാ ഇടത്ത് നിന്നും ഉണ്ടാകണം.
അതേസമയം ബിജെപിയുടെ ശക്തി കേന്ദ്രങ്ങളിലാണ് സീറ്റുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് കാണിക്കുന്നത്. ശതമാന കണക്കില്‍ പറഞ്ഞാല്‍, ഇപ്പോഴത്തെ ലോക്‌സഭയില്‍ 42 ശതമാനം സീറ്റുകള്‍ ഹിന്ദി ബെല്‍റ്റ് എന്നറിയപ്പെടുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ്. 24 ശതമാനം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലു 35 ശതമാനം മറ്റു സംസ്ഥാനങ്ങളിലുമാണ്. നിലവിലെ രീതിയില്‍ പുനര്‍നിര്‍ണയം നടന്നാല്‍ ഹിന്ദി ബെല്‍റ്റിലെ സീറ്റുകളുടെ എണ്ണം 48 ശതമാനം ദക്ഷിണേന്ത്യയിലേത് 19 ശതമാനം മറ്റിടങ്ങളിലേത് 32 ശതമാനം എന്നിങ്ങനെ മാറും.
2019ലെ തിരഞ്ഞെടുപ്പില്‍ ഹിന്ദി ബെല്‍റ്റിലെ 225 സീറ്റുകളില്‍ 179 സീറ്റുകളും ബിജെപിയാണ് വിജയിച്ചതെന്നു കൂടി അറിയുമ്പോഴേ ഈ കണക്കുകള്‍ ഇന്ത്യയുടെ രാഷ്ട്രീയഭാവിയില്‍ വരുത്തുന്ന മാറ്റം പ്രകടമാകു. ആ രാഷ്ട്രീയ ഭാവി തെളിച്ചെഴുതുന്നതിനൊപ്പം ചില കാര്യങ്ങള്‍ കൂടി പുതിയ പാര്‍ലമെന്റ് മന്ദിരത്തിലൂടെ ബിജെപി കണക്കു കൂട്ടുന്നു. അതിലൊന്ന് ‘ചരിത്രമെഴുത്താണ്.
പുതിയ ചരിത്രം രജിക്കുമ്പോള്‍
2014ല്‍ അദികാരത്തില്‍ എത്തിയത് മുതല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രസര്‍ക്കാരും പറയുന്ന കാര്യമാണ് ബ്രിട്ടിഷുകാര്‍ അവശേഷിപ്പിച്ച കൊളോണിയല്‍ തൊങ്ങലുകള്‍ മാറ്റി എഴുതുമെന്ന്. എന്നാല്‍ ഇതിലൂടെ പഴയകാല കോണ്‍ഗ്രസ് എഴുതിയ ചരിത്രവും തിരുത്തുവാന്‍ തന്നെയാണ് ബിജെപി ലക്ഷ്യമിടുന്നത്. ഒടുവില്‍ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തില്‍ നെഹ്‌റു വിസ്മരിച്ച ചെങ്കോല്‍ സ്ഥാപിക്കുന്നതിലൂടെ മോദി ലക്ഷ്യമിടുന്നതും ഇതു തന്നെയാണ്.
ഭാരതത്തിന്റെ അധികാര കൈമാറ്റം നടത്തുവാന്‍ ഉപയോഗിച്ച ചെങ്കോലിനെ വോക്കിങ് സ്റ്റിക്കാക്കി ഇരുട്ടറയില്‍ സൂക്ഷിച്ചുവെന്നാണ് ബിജെപി ആരോപിക്കുന്നത്. മതേതര മുഖം സൂക്ഷിച്ചിരുന്ന നെഹ്‌റു ക്ഷേത്ര പുരോഹിതന്മാരില്‍ നിന്നും രാജ്യത്തിന്റെ അധികാരം സ്വീകരിച്ചെന്ന വ്യാഖ്യാനം പരോക്ഷമായി ഇതിലൂടെ ബിജെപി നല്‍കി.