ലോകത്ത് അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം ഒരുക്കുവാന്‍ മനുഷ്യന്‍ നിര്‍മിച്ച അതിവേഗ ഇന്റര്‍നെറ്റ് സാങ്കേതിക വിദ്യയായ 5ജി മനുഷ്യരാശിയെ മാറ്റിമറിക്കുമെന്ന് പഠനം. 5ജി ലോകത്ത് എല്ലാ സ്ഥലങ്ങളിലും പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ അന്യഗ്രഹജീവികളും മനുഷ്യരും തമ്മിലുള്ള സമ്പര്‍ക്കത്തിലേക്ക് ഇത് നയിക്കും എന്നാണ് പഠനത്തില്‍ പറയുന്നത്.
മംത്‌ലി നോട്ടീസസ് ഓഫ് ദി റോയല്‍ അസ്‌ട്രോണമിക്കല്‍ സൊസൈറ്റിയുടെ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ലോകത്ത് 1990 കള്‍ക്ക് ശേഷമാണ് മൊബൈല്‍ സാങ്കേതിക വിദ്യ വികസിച്ചത്. ഇതോടെ മനുഷ്യനിര്‍മിതമായ റേഡിയോ സിഗ്നലുകള്‍ ഭൂമിക്ക് വെളിയിലേക്ക് സഞ്ചരിക്കുവാന്‍ തുടങ്ങി. തുടര്‍ന്ന് അതിവേഗത്തിലാണ് ലോകത്ത് മൊബൈല്‍ സാങ്കേതിക വിദ്യ വളര്‍ച്ച കൈവരിച്ചത്.
എന്നാല്‍ ഇത്തരത്തില്‍ ഭൂമിയുടെ പുറത്തേക്ക് പോകുന്ന മൊബൈല്‍ സിഗ്നലുകള്‍ അന്യഗ്രഹ ജീവികള്‍ക്ക് ലഭിച്ചാല്‍ അതുവഴി ഭൂമിയിലേക്ക് അവര്‍ക്ക് എത്തുവാന്‍ സാധിക്കും. നമ്മുടെ ക്ഷീരപഥത്തില്‍ മനുഷ്യരെക്കാള്‍ വികസിച്ച സമൂഹമുണ്ടെങ്കില്‍ അവര്‍ തീര്‍ച്ചയായും സിഗ്നലുകള്‍ മനസ്സിലാക്കും. ഇതോടെ അവര്‍ക്ക് മനുഷ്യരുമായി ആശയവിനിമയം സാധ്യമാകുമെന്നാണ് പഠനത്തില്‍ പറയുന്നത്.
അതേസമയം പ്രകാശവര്‍ഷങ്ങള്‍ അകലേയ്ക്ക് സിഗ്നലുകള്‍ എത്തുമ്പോള്‍ അത് ഡികോഡ് ചെയ്താലും മനസ്സിലാകണമെന്നില്ല. എന്നാല്‍ 5ജി ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ കൂടുമ്പോള്‍ കൂടുതല്‍ സിഗ്നലുകള്‍ അന്യഗ്രഹജീവികള്‍ക്ക് ലഭിക്കും. ഇത് ഭൂമിയെ അവര്‍ക്ക് എളുപ്പത്തില്‍ കണ്ടെത്താന്‍ സഹായിക്കുന്ന കാര്യമാണ്.