അമേരിക്കയില്‍ സന്ദര്‍ശനം നടത്താന്‍ തയ്യാറെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്താന്‍ പ്രമുഖ അമേരിക്കന്‍ കമ്പനികളുടെ മേധാവികള്‍. അമേരിക്കയിലെ തന്നെ 20 കമ്പനികളുടെ മേധാവികളുമായിട്ടാണ് അദ്ദേഹത്തിന്റെ കൂടിക്കാഴ്ച. മോദിയുമായിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് ആക്സെഞ്ചര്‍, കൊക്കകോള, അഡോബ് സിസ്റ്റംസ്, മാസ്റ്റര്‍ കാര്‍ഡ്, വിസ എന്നിവയുള്‍പ്പെടെയുള്ള കമ്പനികളുടെ മേധാവിമാര്‍ എത്തും. കൂടാതെ വാഷിംഗ്ടണിലെ ജോണ്‍ എഫ് കെന്നഡി സെന്ററില്‍ 1500 അധികം പ്രവാസികളുമായിട്ടും അദ്ദേഹം കൂടിക്കാഴ്ച നടത്തും.
യു എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ ടി, ടെലികോം, എഫ് എം സി ജി, ലോജിസ്റ്റിക്സ്, ഇന്‍ഡസ്ട്രിയല്‍സ് തുടങ്ങിയ വിവിധ മേഖലകളില്‍ നിന്നുള്ള വ്യാവസായ പ്രമുഖരുമായിട്ടാണ് മോദിയുടെ കൂടിക്കാഴ്ച. യു എസ് പ്രസിഡന്റ് നല്കുന്ന സ്റ്റേറ്റ് ഡിന്നറില്‍ പങ്കെടുക്കുവാനാണ് അദ്ദേഹം അമേരിക്കയിലേക്ക് പോകുന്നത്. പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ വ്യവസായ പ്രമുഖര്‍ക്ക് പുറമെ ബൈഡന് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. 1500 പേര്‍ക്കാണ് പരിപാടിയില്‍ പങ്കെടുക്കുവാന്‍ ക്ഷണം ലഭിച്ചത്. ഇതില്‍ ചില പ്രമുഖ കമ്പനികളുടെ സി ഇ ഒമാരും ഉണ്ടെന്നാണ് വിവരം.
പുറത്ത് വരുന്ന വിവരങ്ങള്‍ പ്രകാരം മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം ചരിത്ര സംഭവമായി മാറും. സന്ദര്‍ശനത്തില്‍ ഇന്ത്യയും യു എസും തമ്മിലുള്ള ആഴമേറിയതും വിശാലവുമായ ബന്ധത്തിന് നാം സാക്ഷ്യം വഹിക്കുവാന്‍ പോകുകയാണെന്ന് ഇന്ത്യ- യു എസ് സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് ഫോറത്തിന്റെ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ മുകേഷ് അഗി പറഞ്ഞു.
യോഗ ദിനാചരണത്തിന്റെ ഭാഗമായി ജൂണ്‍ 21ന് യു എന്‍ ആസ്ഥാനത്ത് എത്തുന്ന മോദി അവിടുത്തെ പരിപാടിക്ക് ശേഷമായിരിക്കും ന്യൂയോര്‍ക്കില്‍ എത്തുക. ജൂണ്‍ 22ന് നരേന്ദ്രമോദിയെ യു എസ് പ്രസിഡന്റ് ജോ ബൈഡന് സ്വീകരിക്കും.