ഈ പ്രപഞ്ചത്തിലുള്ള രഹസ്യം തേടി ഉള്ള മനുഷ്യന്റെ യാത്രകൾ മുന്നോട്ടു പോയ്‌കൊണ്ട് ഇരിക്കുകയാണ്. പ്രപഞ്ചവും ബഹിരാകാശവും എല്ലാം ഇപ്പോഴും മനുഷ്യൻ പഠിച്ചു തീർന്നിട്ടില്ലാത്ത വിശാലമായ മേഖലകളാണ്. ഓരോ ദിവസവും മനുഷ്യകുലത്തെ അത്ഭുത പെടുത്താനുള്ള എന്തെങ്കിലുമൊക്കെ കണ്ടെത്തലുകൾ ഗവേഷകർക്ക് കിട്ടാറുണ്ട്.
ബഹിരാകാശത്ത് ചെടികൾ വളർത്താനുള്ള പരീക്ഷണങ്ങളും കുറെ വര്ഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ഭൂമിക്കു സമാനമായ ഒരു അന്തരീക്ഷം ഉണ്ടാക്കി എടുക്കുന്നതിനുള്ള പല പരീക്ഷണങ്ങളും നടക്കുന്നുണ്ട്.
അത്തരത്തിലുള്ള ഒരു പരീക്ഷണം വിജയം കണ്ടതിന്റെ ചിത്രങ്ങളാനു നാസ പങ്കുവച്ചത്. ബഹിരാകാശത്ത് പച്ചക്കറികളും പൂന്തോട്ടങ്ങളും വളർത്തുന്നതിൽ വിജയം കണ്ടിരിക്കുകയാണ് ചില ശാസ്ത്രജ്ഞർ. ഇന്റർനാഷണൽ സ്‌പേസ് സ്റ്റേഷനിൽ വളർത്തിയെടുത്ത ഒരു പൂവിന്റെ ചിത്രമാണ് നാസ പങ്കുവച്ചത്. ‘സീനിയ’ എന്ന മനോഹരമായ പൂവാണ് ഭൂമിയ്ക്കു പുറത്ത് വിരിഞ്ഞിരിക്കുന്നത്.
‘ഇന്റൻനാഷണൽ സ്‌പേസ് സ്റ്റേഷനിലുള്ള ചെടിവളർത്തൽ കേന്ദ്രത്തിൽ വെജ്ജി ഫെസിലിറ്റി ഭാഗമായാണ് ബഹിരാകാശ യാത്രികർ ഭ്രമണ പഥത്തിൽ സീനിയ ചെടി വളർത്തിയത്. 1970കൾ മുതൽ ബഹിരാകാശത്ത് ചെടികൾ വളരുന്നതിനെ കുറിച്ച് ശാസ്ത്രജ്ഞർ പഠിക്കുന്നുണ്ട്. നാസയിലെ ശാസ്ത്രജ്ഞനായ കെൽ ലിൻഡ്‌ഗ്രെൻ ആണ് ഈ പരീക്ഷണം ഇന്റർനാഷണൽ സ്‌പേസ് സ്റ്റേഷനിൽ ആരംഭിച്ചത് .’ നാസ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിൽ ഇപ്രകാരമുള്ള വിവരണം ആണ് ഉള്ളത്.
കാർഷിക മേഖല വ്യാപിപ്പിക്കുന്നതിനെ കുറിച്ചുള്ള പഠനങ്ങൾ ഭൂമിയ്ക്കു പുറത്ത് നടക്കുന്നതെന്നും നാസയുടെ കുറിപ്പിൽ വിശദീകരിക്കുന്നുണ്ട്.
ഭൂമിയ്ക്കു പുറത്ത് ചെടികൾ വളർത്തിയെടുക്കാൻ കഴിഞ്ഞാൽ, ഭക്ഷ്യോൽപാദന രംഗത്ത് ഒരു നാഴികക്കല്ലായിരിക്കും ഈ ഗവേഷണം.
പലതരത്തിലുള്ള പച്ചക്കറികൾ ബഹിരാകാശ നിലയത്തിൽ നാസയുടെ ബഹിരാകാശ യാത്രികർ വളർത്തിയെടുത്തിട്ടുണ്ട്. ചീര, തക്കാളി, മുളക് എന്നീ ചെടികളും ഇതിൽ പെടുന്നു. തുടർന്നും ഈ പദ്ധതിയിൽ ധാരാളം ചെടികൾ വളർത്തിയെടുക്കാനുള്ള ഒരുക്കത്തിലാണ് എന്ന് നാസ കുറിപ്പിൽ പറയുന്നു