ടൈറ്റാന്‍ പേടകം എങ്ങനെ സമുദ്രത്തിന്റെ അടിത്തട്ടില്‍ തകര്‍ന്നു എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. പേടകം ഉഗ്ര ശക്തിയുള്ള ഉള്‍സ്ഫോടനത്തില്‍ തകര്‍ന്നുവെന്നാണ് യു എസ് കോസ്റ്റ് ഗാര്‍ഡ് വിലയിരുത്തുന്നത്. സമുദ്രോപരിതലത്തില്‍ നിന്നും നാല് കിലോമീറ്റര്‍ താഴെ കണ്ടെത്തിയ അവശിഷ്ടങ്ങളും പേടകം സ്ഫോടനത്തില്‍ തകര്‍ന്നുവെന്ന് സൂചന നല്‍കുന്നതാണ്. പുറത്തുവന്ന വിവരങ്ങള്‍ അനുസരിച്ച് 3500 മീറ്റര്‍ ആഴത്തിലെത്തിയപ്പോള്‍ പേടകത്തിന് പോളാര്‍ പ്രിന്‍സ് എന്ന കപ്പലുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടു.
തുടര്‍ന്ന് പേടകം 100 മിറ്ററിനുളളില് ഉഗ്ര ഉള്‍സ്ഫോടനത്തില്‍ തകര്‍ന്നിരിക്കാം എന്നാണ് കരുതുന്നത്. പേടകത്തിലെ അഞ്ച് യാത്രക്കാരും 30 മില്ലിസെക്കന്‍ഡിനകം കൊല്ലപ്പെട്ടിരിക്കാം എന്നുമാണ് നിഗമനം. ഓഷന്‍ഗേറ്റ് കമ്പനി സ്ഥാപകനും സിഇഒയുപമായ സ്റ്റോക്ടന്‍ റഷ്, ദുബായിലെ ബ്രിട്ടിഷ് വ്യാവസായി ആക്ഷന്‍ ഏവിയേഷന്‍ കമ്പനി ചെയര്മാന് ഹാമിഷ് ഹാര്‍ഡിങ്, പാക് ശതകോടീശ്വരന്‍ ഷഹ്സദ ദാവൂദ് മകന് സുലൈമാന്‍ എന്നിവരാണ് മരിച്ചത്.
അതേസമയം ആഴക്കടല്‍ പരിവേഷണത്തിന് ടൈറ്റന് പേടകം യോജിച്ചതായിരുന്നില്ലെന്നും ആരോപണമുണ്ട്. പേടകത്തിന്റെ രൂപം തന്നെ അപകടകരമായിരുന്നുവെന്നാണ് ടൈറ്റാനിക് സിനിമയുടെ സംവിധായകനും സമുദ്രപേടക നിര്‍മാണ കമ്പനി ഉടമയുമായ ജയിംസ് കാമറണ്‍ പറയുന്നത്. ടൈറ്റാന്‍ പേടകത്തിലെ 1.5 എടിഎം മര്‍ദത്തെ സമുദ്രത്തില്‍ നിന്നുള്ള 350 എടിഎം മര്‍ദം ഞെരുക്കുമ്പോള്‍ പേടകത്തിന്റെ ചെറിയ തകരാര്‍ പോലും ഉള്സ്ഫോടനത്തിലേക്ക് വഴിവെക്കും എന്നാണ് പറയുന്നത്.