ഇന്ത്യയില്‍ നിന്നുള്ള ബഹിരാകാശ യാത്രന് അന്താരാഷ്ട്ര സ്‌പെയ്‌സ് സ്റ്റേഷനില്‍ പോകാന്‍ അവസരം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. ബഹിരാകാശത്ത് സ്വന്തമായി ഒരു സ്‌പെയ്‌സ് സ്റ്റേഷന്‍ എന്ന സ്വപ്‌നം ലക്ഷ്യമിടുന്ന ഇന്ത്യയ്ക്ക് ഇത് കൂടുതല്‍ പ്രചോദനവാകും. ഇന്ത്യയുടെ ഗഗന്‍യാന്‍ പദ്ധതിയിലെ യാത്രികരില്‍ ഒരാള്‍ക്കായിരിക്കും അന്താരാഷ്ട്ര സ്‌പെയ്‌സ് സ്റ്റേഷന്‍ സന്ദര്‍ശിക്കാന്‍ അവസരം ഒരുങ്ങുക.
ബഹിരാകാശത്ത് മനുഷ്യരെ എത്തിക്കുവാനുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കുകയാണ് ഇന്ത്യ. പ്രധാനമായും ഗഗന്‍യാനില്‍ നാല്‍ പങ്കെടുക്കുവാന്‍ നാല് യാത്രക്കാര്‍ക്കാണ് പരിശീലനം നല്‍കുന്നത്. ഈ നാല് പേര്‍ക്കും റഷ്യയില്‍ പരിശീലനം നല്‍കി കഴിഞ്ഞു. ഇനി യു എസിലെ ജോണ്‍സണ്‍ സ്‌പെയ്‌സ് സെന്ററില്‍ ആറുമാസത്തെ പരിശീലനം കൂടി നല്‍കും. ഒപ്പം 200 കോടി രൂപ മുടക്കി ഗഗന്‍യാന്‍ യാത്രികരില്‍ രണ്ട് പേരെ സ്‌പെയ്‌സ് എക്‌സിലോ, ബോയിംഗ് സ്റ്റാര്‍ ലൈനറിലോ ബഹിരാകാശത്ത് എത്തിച്ച് പരിശീലനം നല്‍കുവാനും ധാരണയായിട്ടുണ്ട്.
അതേസമയം ഇസ്രോ- നാസ കൂട്ടുകെട്ടില്‍ നിര്‍മിച്ച സിന്തറ്റിക് അപ്പാര്‍ച്ചേര്‍ റഡാര്‍ സാറ്റലൈറ്റ് എന്ന നിസാര്‍ ഉപഗ്രഹം ശ്രീഹരിക്കോട്ടയില്‍ നിന്നും 2024ല്‍ വിക്ഷേപിക്കും. നിസാര്‍ 1.2 ബില്യണ്‍ ഡോളറിന്റെ പദ്ധതിയാണ്. ലോകത്തിലെ ഏറ്റവും ചിലവേറിയ ഈ ഉപഗ്രഹം ഭൂമിയിലെ ചെറിയ മാറ്റങ്ങള്‍ വരെ സദാ നിരീക്ഷിക്കും. അതേസമയം ആര്‍ട്ടെമിസ് പദ്ധതിയില്‍ ഇന്ത്യയും പങ്കു ചേരും. നിര്‍ബന്ധിത വ്യവസ്ഥകളോ സാമ്പത്തിക ബാദ്ധ്യതകളോ ഇല്ലാതെയാണ് പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാകുക.