രാജ്യം തിരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുകയാണ്. 2024 തിരഞ്ഞെടുപ്പിനായി ഭരണ പക്ഷവും പ്രതിപക്ഷവും കച്ച മുറുക്കിയിരിക്കുമ്പോള്‍ അപ്രതീക്ഷിതമായി മഹാരാഷ്ട്രയില്‍ ബി ജെ പി നടത്തിയ നീക്കത്തിന്റെ ഞെട്ടലിലാണ് പ്രതിപക്ഷം. എന്നാല്‍ ഇവിടം കൊണ്ടും തീരുന്നതല്ല തങ്ങളുടെ നീക്കങ്ങളെന്ന സൂചനയും പ്രതിപക്ഷത്തിന് ബി ജെ പി നല്‍കുന്നുണ്ട്. മഹാരാഷ്ട്രയില്‍ എന്‍ സി പിയെ പിളര്‍ത്തിയ ബി ജെ പിയുടെ നീക്കം ഇനി ബിഹാറില്‍ ജെ ഡി യുവിനെയാണെന്നാണ് വിവരം.
മഹാരാഷ്ട്രയില്‍ എന്‍ സി പിക്ക് സംഭവിച്ചത് പോലെ ഒരു രാഷ്ട്രീയ അട്ടിമറി ജെ ഡി യുവില്‍ സംഭവിച്ചേക്കാം എന്നാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ കരുതുന്നത്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഭരണത്തില്‍ നിരവധി എം എല്‍ എമാര്‍ അതൃപ്തി പ്രകടിപ്പിക്കുന്നുവെന്ന് ബി ജെ പി നേതാക്കള്‍ പറയുന്നതും ഇത്തരം ഒരു അട്ടിമറി നീക്കത്തിന്റെ ഭാഗമാണോ എന്ന് പ്രതിപക്ഷം സംശയിക്കുന്നു.
പ്രതിപക്ഷം അടുത്ത തിരഞ്ഞെടുപ്പില്‍ ശക്തി തെളിയിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന രണ്ട് സംസ്ഥാനങ്ങളില്‍ ഒന്നായ മഹാരാഷ്ട്രയിലാണ് ബി ജെ പി നിര്‍ണായക നീക്കം നടത്തിയത്. ഇനി പ്രതിപക്ഷത്തിന് മുന്നേറുവാന്‍ സാധിക്കുമെന്ന് കരുതിയ ബിഹാറിലും ജെ ഡി യു- ആര് ജെ ഡി- കോണ്‍ഗ്രസ് സഖ്യത്തെ ദുര്ബലപ്പെടുത്തുവനാണ് ബി ജെ പി ശ്രമിക്കുന്നത്. ബിഹാറില്‍ 40 സീറ്റുകളാണ് ഉള്ളത്. 2019ലെ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് 17 സീറ്റ് ലഭിച്ചപ്പോള്‍ ജെ ഡി യു വിന് 16, എല്‍ ജെ പിക്ക് ആറ്, കോണ്‍ഗ്രസിന് 1 എന്നിങ്ങനെയായിരുന്നു സീറ്റ് നില.
എന്നാല്‍ 2019ലെ രാഷ്ട്രീയ കാലാവസ്ഥയല്ല ഇന്ന് ബിഹാറില്‍ ജെ ഡി യു എന്‍ ഡിഎ വിട്ട് കോണ്‍ഗ്രസ്- ആര് ജെ ഡി സംഖ്യത്തിനൊപ്പം ചേര്‍ന്നു. റാംവിലാസ് പാസ്വാന്റെ മരണത്തോടെ ബിഹാറില്‍ ഏതാണ്ട് എല്‍ ജെ പിയുടെ ശക്തി കുറഞ്ഞ മട്ടാണ്. ഇതും ബിഹാറില്‍ ശക്തമായ നീക്കം നടത്തുവാന്‍ ബി ജെ പിയെ പ്രേരിപ്പിക്കുന്നുണ്ട്. അതേസമയം ബി ജെ പി നീക്കത്തെ പ്രതിരോധിക്കുവാനുള്ള ശ്രമത്തിലാണ് ജെ ഡി യു. നിതീഷ് കുനമര് ഇതിനോടകം എം എല്‍ എമാരുമായും എം പിമാരുമായും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.