കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ട്വിറ്ററിനെ കുറിച്ചുള്ള വാര്‍ത്തകളാണ് ചര്‍ച്ചയാകുന്നത്. ട്വിറ്റര്‍ ഇനി എസ് ആയാല്‍ എന്ത് സംഭവിക്കുമെന്ന് പലരും ചോദിക്കുന്നു. ട്വിറ്റര്‍ എന്ന് പേരും പക്ഷിയുടെ ലോഗോയും ഒഴിവാക്കുമെന്ന് ഇലോണ്‍ മസ്ക് പ്രഖ്യാപിച്ചതോടെയാണ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും ട്വിറ്ററിന് എന്തു സംഭവിക്കും എന്ന ചര്‍ച്ചകള്‍ സജ്ജീവമായത്. അതേസമയം ട്വിറ്റര്‍ എക്സ് എന്ന് പേര് സ്വീകരിച്ചാല്‍ നിലവില്‍ ട്വിറ്ററിനുള്ള ബ്രാന്‍ഡ് മൂല്യം ഇല്ലാതായി പോകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
ഇലോണ്‍ മസ്കിന് ഈ നീക്കം മൂലം നാല് ബില്യണ്‍ യു എസ് ഡോളര്‍ മുതല്‍ 20 ബില്യണ്‍ യു എസ് ഡോളര്‍ വരെ നഷ്ടപ്പെട്ടേക്കാമെന്നാണ് പ്രവചനം. ഇത്രയും മൂല്യം കൈവരിക്കുവാന്‍ 15 വര്‍ഷം വേണ്ടിവന്നു എന്നാല്‍ ട്വിറ്റര്‍ എന്ന് പേര് നഷ്ടപ്പെടുത്തുന്നത് വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കിയേക്കും. അതേസമയം ലോകത്തിലെ വിവിധ ഏജന്‍സികളും ബ്രാന്‍ഡ് അനലിസ്റ്റുകളും ട്വിറ്ററിന്റെ പേര് മാറ്റത്തെ അനുകൂലിക്കുന്നില്ല
ലോകത്ത് വലിയ സ്വീകാര്യതയുള്ള ലോഗോ കളില്‍ ഒന്നാണ് ട്വിറ്ററിന്റേത്. ന്യൂസ് പോര്‍ട്ടലുകള്‍ മുതല്‍ ബിസിനസ് സംരഭങ്ങളുടെ വെബ്സൈറ്റുകളില്‍ വരെ ഈ ലോഗോ ഉപയോഗിക്കുന്നു. ഇത്ര പരിചിതമായ ലോഗോയും പേരും മാറുന്നതോടെ സംഭവിക്കുന്നത് എന്താകുമെന്ന് നോക്കുകയാണ് ലോകം. ട്വിറ്ററിന്റെ ബ്രാന്‍ഡ് മൂല്യം 15 ബില്യണ്‍ മുതല്‍ 20 ബില്യണ്‍ യു എസ് ഡോളറാണ്. അതേസമയം എതിരാളികളായ ഫെയ്സ്ബുക്കിന്റേത് 59 ബില്യണ്‍ ഡോളറും ഇന്‍സ്റ്റഗ്രാമിന്റേത് 47.4 ബില്യണ്‍ ഡോളറുമാണ്.
ട്വിറ്ററിനൊപ്പം ട്വീറ്റ്, റീട്വീറ്റ് എന്നി വാക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലോകത്തിലെ പ്രമുഖരായ പലരും ജനങ്ങളുമായി ആശയ വിനിമയം നടത്തുവാന്‍ ഉപയോഗിക്കുന്നത് ട്വീറ്ററാണ്. അതേസമയം ഓഡിയോ, വീഡിയോ സന്ദേശങ്ങള്‍ അയയ്ക്കുവാനും പേയ്മെന്റുകള്‍ ബാങ്കിംഗ് എന്നിവയ്ക്കായുള്ള ഒരു സൈറ്റായി എക്സ് മാറുമെന്നാണ് പുതിയ ചീഫ് എക്സിക്യൂട്ടീവ് ലിന്‍ഡ യാക്കാരിനോ പറയുന്നത്.