ഇലവാഴ കൃഷിയിലൂടെ മികച്ച വരുമാനം നേടുകയാണ് ആലപ്പുഴ മുഹമ്മ കായിപ്പുറം കൂപ്ലിക്കാട്ട് വീട്ടില്‍ കെ എസ് ചാക്കോ. അഞ്ച് വര്‍ഷമായി അദ്ദേഹം ഇല വാഴ കൃഷി നടത്തുന്നു. കൃഷിയിടത്തില്‍ മൂന്ന് പ്ലോട്ടുകളായി തിരിച്ച ശേഷമാണ് കൃഷി നടത്തുന്നത്. ഞാലിപ്പുവന്‍ വാഴയാണ് കൃഷി. തുടക്കത്തില്‍ ഇല ഒന്നിന് 3 രൂപ ലഭിച്ചിരുന്നു എന്നാല്‍ ഇപ്പോള്‍ നാല് രൂപ ലഭിക്കുന്നുണ്ടെന്നാണ് ചാക്കോ പറയുന്നത്.
അതേസമയം ഓണം പോലുള്ള ഉത്സവകാലങ്ങളില്‍ 12 രൂപ വരെയായി വില ഉയരും. ഇല കൃഷിയിലേക്ക് ചാക്കോ എത്താന്‍ കാരണം ആലപ്പുഴ മാര്‍ക്കറ്റില്‍ അയല്‍ സംസ്ഥാനത്ത് നിന്നും വരുന്ന ഇലക്കെട്ടുകള്‍ ശ്രദ്ധയില്‍ പെട്ടതോടെയാണ്. ആലപ്പുഴയില്‍ ക്ഷേത്രങ്ങളും വെജിറ്റേറിയന്‍ സദ്യകളും കൂടുതലായതിനാല്‍ മികച്ച വരുമാനവും ലഭിക്കുന്നുണ്ട്.
തുടക്കത്തില്‍ 700 വാഴകളാണ് ചാക്കോ നട്ടത് പിന്നിട് 300 വാഴകള്‍ കൂടെ നട്ടു. ഇല മുറിച്ച് വില്‍പന ആരംഭിച്ചതോടെ നല്ല ഡിമാന്റ് ലഭിക്കുകയായിരുന്നു. വാഴ നട്ട് ഒന്നരമാസം ആകുമ്പോള്‍ ഇലവെട്ടാന്‍ ആരംഭിക്കും. ഒരു ഇലവെട്ടി അഞ്ച് ദിവസം കഴിയുന്നതോടെ അടുത്ത ഇലവെട്ടാന്‍ പാകമാകും. വാഴ 10 മാസം പ്രായമാകുമ്പോഴാണ് കുലയ്ക്കുക. ഇതോടെ ചുവട്ടില്‍ നിന്നും മുളയ്ക്കുന്ന തൈകളില്‍ നിന്നും വീണ്ടും ഇലവെട്ടാന്‍ ആരംഭിക്കും.
അതേസമയം തുടര്‍ച്ചയായി ഇലവെട്ടുന്നതിനാല്‍ വാഴക്കുല ചെറുതായിരിക്കും എന്നാല്‍ പോലും നല്ല ഒരു വരുമാനം ലഭിക്കുമെന്നാണ് ചാക്കോ പറയുന്നത്. ജൈവവളപ്രയോഗത്തിലൂടെയാണ് വാഴ ഇലയ്ക്ക് കരുത്ത് നല്‍കുന്നത്. ഇതിനോടകം 100000 ഇലകള്‍ വിറ്റിട്ടുണ്ടെന്നാണ് ചാക്കോ പറയുന്നത്.