72-ാം വയസ്സില്‍ രവി 62 കാരിയായ പൊന്നമ്മയുടെ കഴുത്തില്‍ താലി ചാര്‍ത്തി. ഇനി വിരഹവും ഏകാന്തതയും സൃഷ്ടിച്ച ലോകത്ത് പരസ്പരം താങ്ങും തണലുമാകുകയാണ് ഇരുവരും. മുഹമ്മ പൂഞ്ഞാലിക്കാവ് ദേവി ക്ഷേത്ര സന്നിധിയിലായിരുന്നു മുഹമ്മ സ്വദേശിയായ എന്‍കെ രവീന്ദ്രനും കഞ്ഞിക്കുഴി സ്വദേശിയായ പൊന്നമ്മയും വിവാഹിതരായത്.
ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് എത്തിയത്. ക്ഷേത്രത്തില്‍ വെച്ച് രവീന്ദ്രന്‍ പൊന്നമ്മയുടെ കഴുത്തില്‍ താലി ചാര്‍ത്തുകയും പരസ്പരം തുളസി മാല ചാര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് രജിസ്റ്ററില്‍ ഒപ്പിട്ടതോടെ വിവാഹചടങ്ങ് പൂര്‍ത്തിയായി.
രവീന്ദ്രന്റെ ഭാര്യ ഏഴ് വര്‍ഷം മുമ്പാണ് മരിച്ചത്. പൊന്നമ്മയുടെ ഭര്‍ത്താവ് മരിച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞു. രവീന്ദ്രന്‍ ചെറിയ കച്ചവടം നടത്തി വരുകയാണ്. പൊന്നമ്മ ലോട്ടറി കച്ചവടം നടത്തിയാണ് ജീവിക്കുന്നത്. രവീന്ദ്രന്റെ മകനാണ് ഇരുവരുടെയും വിവാഹത്തിന് മുൻകൈ എടുത്തത്. ഒരിക്കല്‍ പൊന്നമ്മയുടെ വീട്ടില്‍ പ്ലമ്പിംഗ് ജോലിക്കായി എത്തിയപ്പോഴാണ് പൊന്നമ്മയുടെ ദുരിതാവസ്ഥ മനസ്സിലാക്കിയത്.
തുടര്‍ന്ന് പിതാവിനെ പൊന്നമ്മയെ കൊണ്ട് വിവാഹം കഴിപ്പിക്കുന്ന കാര്യം രാജേഷ് ആലോചിക്കുകയായിരുന്നു. തുടര്‍ന്ന് രാജേഷിന്റെ ഭാര്യയും സഹോദരിയും പൊന്നമ്മയുടെ വീട്ടിലെത്ത് വിവാഹം ഉറപ്പിക്കുകയായിരുന്നു.