മനുഷ്യന്റെ വളര്‍ച്ചയുടെ പുതിയ ഒരു തുടക്കത്തിലേക്കാണ് മസ്കിന്റെ ന്യൂറാലിങ്ക് കടക്കുന്നത്. തലയോട്ടിയുടെ ഒരു ചെറിയ ഭാഗം നീക്കം ചെയ്ത് അതിലൂടെ ഒരു കംപ്യൂട്ടര്‍ ചിപ്പ് വെച്ച് തലച്ചോറും കംപ്യൂട്ടറുമായി ലിങ്ക് ചെയ്ത് പ്രവര്‍ത്തിക്കുകയാണ് ന്യൂറാലിങ്ക് സാങ്കേതിക വിദ്യ. സാങ്കേതിക വിദ്യ ഇപ്പോള്‍ പരീക്ഷണ അടിസ്ഥാനത്തിലാണെങ്കിലും കമ്പനി ഇറക്കിയ പത്രക്കുറിപ്പിന് വലിയ പ്രതികരണമാണ് ജനങ്ങളില്‍ നിന്നും ലഭിച്ചത്.
കമ്പനിയുടെ ഈ പരീക്ഷണത്തിന് ആയിരങ്ങളാണ് തയ്യാറായി വന്നിരിക്കുന്നത്. വലിയ ലക്ഷ്യമാണ് ന്യൂറാ ലിങ്ക് മുന്നില്‍ കാണുന്നതെങ്കിലും തുടക്ക ഘട്ടത്തില്‍ ശരീരം തളര്‍ന്ന് പോയവര്‍ക്കും കാഴ്ച ശക്തിയില്ലാത്തവര്‍ക്കും തുണയാകാന്‍ സാധിക്കുമോ എന്നാണ് ശ്രമിക്കുന്നത്. ഇതുവരെ ന്യൂറാ ലിങ്ക് മൃഗങ്ങളിലാണ് പരീക്ഷണം നടത്തിയത്. ഇത് വിജയം കണ്ടതോടെയാണ് മനുഷ്യരില്‍ പരീക്ഷിക്കാന്‍ തയ്യാറെടുക്കുന്നത്.
ഒരാളുടെ തലച്ചോറില്‍ സൃഷ്ടിക്കപ്പെടുന്ന സിഗ്നലുകള്‍ ന്യൂറാലിങ്ക് വഴി വ്യാഖ്യാനിച്ച് ആ വിവരം തലച്ചോറിന് വെളിയിലുള്ള ഉപരകരണങ്ങളിലേക്ക് ബ്ലൂടൂത് ഉപയോഗിച്ച് കണക്ട് ചെയ്യുക എന്ന ലക്ഷ്യമാണ് പരീക്ഷണത്തിന്. അങ്ങനെ സ്വന്തം ചിന്തകള്‍ മാത്രം ഉപയോഗിച്ച് ഒരു കമ്പ്യൂട്ടര്‍ കീബോര്‍ഡ് നിയന്ത്രിക്കാന്‍ സാധിക്കുമെന്നാണ് ആദ്യ ശ്രമം. 2016ലാണ് കമ്പനി രജിസ്ട്രര്‍ ചെയ്തത്.
2024ല്‍ 11 മനുഷ്യരില്‍ പരീക്ഷിക്കാനാണ് തീരുമാനം. 2030ന് മുമ്പ് 22000 പേരില്‍ ഈ പരീക്ഷണം നടത്തും. പരീക്ഷണം വിജയിച്ചാല്‍ മനുഷ്യരാശിയുടെ ചരിത്രം തന്നെ പാടെ മാറിയേക്കാം എന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.
അതേസമയം ഈ ലക്ഷ്യത്തോട് പ്രവര്‍ത്തിക്കുന്ന മറ്റൊരു കമ്പനിയാണ് സിങ്ക്രോണ്‍. ഈ കമ്പനിയും മനുഷ്യരില്‍ പരീക്ഷണം ആരംഭിച്ചു. ചിപ്പിലെ ലിതിയം ബാറ്ററി തലയോട്ടിക്കുള്ളില്‍ എത്തുമ്പോള്‍ എന്ത് സംഭവിക്കും എന്നും. ഉപകരണത്തിലെ വയറുകള്‍ തലച്ചോറിലേക്ക് പറ്റിപ്പിടിക്കുമോ എന്നതുമായിരുന്നു ഗവേഷകര്‍ നേരിട്ട വെല്ലുവിളികള്‍.