സമ്പൂര്‍ണ്ണ സൂര്യഗ്രഹണത്തോടൊപ്പം ലോകത്തിന്റെ പലഭാഗങ്ങളിലും മറ്റൊരു വലിയ ആകാശക്കാഴ്ച കൂടെ സംഭവിക്കും. ഡെവിള്‍സ് കോമറ്റ് അഥവാ ചെകുത്താന്‍ വാല്‍നക്ഷത്രം എന്നറിയപ്പെടുന്ന വാല്‍നക്ഷത്രം അന്ന് ദൃശ്യമായേക്കും. സൂര്യനോട് അടുത്ത് നില്‍ക്കുന്ന നിലയിലായിരിക്കും വാല്‍നക്ഷത്രം അന്ന് ദൃശ്യമാകുക.
ഈ വാല്‍നക്ഷത്രത്തിന്റെ യഥാര്‍ഥ പേര് 12 പി പോണ്‍സ് ബ്രൂകസ് എന്നാണ്. ലൂയി പോണ്‍സ് എന്ന ജ്യോതിശാസ്ത്രജ്ഞനാണ് ഈ വാല്‍നക്ഷത്രത്തെ കണ്ടെത്തിയത്. 71 വര്‍ഷം എടുത്താണ് വാല്‍നക്ഷത്രം സൂര്യന് ചുറ്റും ഭ്രമണം ചെയ്യുന്നത്. ഈ വാല്‍നക്ഷത്രം ഭ്രമണം പൂര്‍ത്തിയാക്കാന്‍ 71 വര്‍ഷം എടുക്കുന്നതിനാല്‍ പോണ്‍സ് ബ്രൂക്‌സിനെ കാണുന്നത് തന്നെ ജീവിതത്തിലെ അപൂര്‍വ നിമിഷങ്ങളിലൊന്നാണ്.
ഈ വാല്‍നക്ഷത്രത്തിലേക്ക് സൂര്യനില്‍ നിന്നുള്ള വികിരണം കൂടുമ്പോള് ചിലപ്പോള്‍ വാല്‍നക്ഷത്രത്തിന്റെ ഹിമം നിറഞ്ഞ ഭാഗം പൊട്ടുകയും ക്രയോമാഗ്മ വെളിയിലേക്ക് തെറിക്കുകയും ചെയ്യും. ഈ തെറിക്കുന്ന പദാര്‍ഥ ഘടനയുടെ രൂപം പ്രത്യേകതയുള്ളതിനാലും കൊമ്പുകളെ അനുസ്മരിപ്പിക്കുന്നതിനാലുമാണ് ഇതിന് ഡെവിള്‍സ് കോമറ്റ് എന്ന് വിളിക്കുന്നത്.