മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്‌ക്കെതിരെ കൂടുതല്‍ ആരോപണവുമായി ഷോണ്‍ ജോര്‍ജ്. ഹൈക്കോടതിയില്‍ നല്‍കിയ രേഖയിലാണ് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. അബുദാബിയിലെ ബാങ്ക് ഇടപാടുകളെക്കുറിച്ചാണ് ഷോണ്‍ ഹൈക്കോടതിയില്‍ വിവരങ്ങള്‍ നല്‍കിയത്. കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലും എക്‌സാലോജിക്കും തമ്മില്‍ നടത്തിയ ഇടപാടുകളിലെ തുക അബുദാബിയിലെ ബാങ്ക് അക്കൗണ്ടില്‍ സൂക്ഷിച്ചിരിക്കുകയാണെന്നാണ് ഷോണിന്റെ ആരോപണം.
എക്‌സാലോജിക് കണ്‍സള്‍ട്ടിങ് മീഡിയ സിറ്റി യുഎഇ എന്ന പേരുലുള്ള അക്കൗണ്ടിലേക്കാണ് പണം പോയിരിക്കുന്നതെന്നും ഷോണ്‍ പറയുന്നു. 2016 മുതല്‍ 2019 വരെ വീണ തൈക്കണ്ടിയില്‍ എം സുനീഷ് എന്നിവരാണ് അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത്. ഈ അക്കൗണ്ടില്‍ ശരാശരി പത്ത് കോടി വരെയുണ്ടായിരുന്നു. താന്‍ പുറത്ത് വിടുന്ന തെളിവുകള്‍ തെറ്റാണെന്ന് തെളിഞ്ഞാല്‍ മാനനഷ്ടക്കേസ് കൊടുക്കാമെന്നും ഷോണ്‍ വ്യക്തമാക്കി.
1999 മുതല്‍ പിണറായി വിജയന് ലാവ്‌ലിന്‍ കമ്പനിയുമായിട്ടുള്ള ബന്ധം എല്ലാവര്‍ക്കും അറിയാവുന്നതാണ്. നിലവില്‍ ലാവ്‌ലിന്‍ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും ഷോണ്‍. ആദായനികുതി റിട്ടേണില്‍ വിദേശത്തുള്ള അക്കൗണ്ടിനെക്കുറിച്ച് വീണ വെളിപ്പെടുത്തിയിട്ടില്ലെങ്കില്‍ വലിയ കുറ്റമാണ്. തനിക്ക് ലഭിച്ച തെളിവുകല്‍ ഇഡി, എസ്എഫ്‌ഐഒ, കേന്ദ്ര കോര്‍പറേറ്റ് മന്ത്രാലയം എന്നിവയ്ക്ക് കൈമാറിയിട്ടുണ്ടെന്നും ഷോണ്‍ വ്യക്തമാക്കി.