സംസ്ഥാനത്ത് ട്രാഫിക് പരിഷ്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ച എഐ ക്യാമറകൾ വ്യാഴാഴ്ച മുതതൽ പിഴ ഈടാക്കാൻ തുടങ്ങുമ്പോൾ വേഗപരിധിയിലെ നിയമക്കുരുക്കുകൾ പദ്ധതിയുടെ പ്രവർത്തനത്തെ താളം തെറ്റിച്ചേക്കും. വേഗപരിധി സംബന്ധിച്ച സംശയങ്ങളാണ് ഈ വിഷയത്തിൽ പദ്ധതി അവതാളത്തിലാകുമോ എന്ന സംശയം ഉയരാൻ ഇടയാക്കുന്നത്. ദേശീയപാതകളിൽ ഉൾപ്പെടെ വേഗപരിധി വർധിപ്പിച്ചുകൊണ്ടു 2018ൽ കേന്ദ്ര ഗതാഗത മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും എഐ ക്യാമറകൾ പിഴയീടാക്കുന്നത് 2014ൽ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരമാണെന്നതു നിയമക്കുരുക്കിനു കാരണമായേക്കും.
മോട്ടോർ വാഹന വകുപ്പിന്റെ ആധുനിക സംവിധാനം പൊളിയാനുള്ള സാധ്യതയും കൂടുതലാണ്. സംസ്ഥാന സർക്കാരിന്റെ വിജ്ഞാപനത്തിലുള്ള വേഗപരിധി കേന്ദ്ര വിജ്ഞാപനം അനുസരിച്ചുള്ള വേഗപരിധിയേക്കാൾ കുറവാണെന്നതിനാൽ ഒട്ടേറെപ്പേർ അകാരണമായി പിഴ നൽകേണ്ടിവരും. കേന്ദ്ര വിജ്ഞാപനത്തെ മറികടക്കാനോ വേഗ പരിധി വർധിപ്പിക്കാനോ സംസ്ഥാനം പുതിയ വിജ്ഞാപനം ഇതുവരെ ഇറക്കിയിട്ടില്ല. ഇക്കാര്യത്തിൽ ഇനിയും വ്യക്തതകൾ വരാനുണ്ട് താനും.
ദേശീയ, സംസ്ഥാനപാതകളിലടക്കം മോട്ടർ വാഹന വകുപ്പ് 726 എഐ ക്യാമറകളാണു സ്ഥാപിച്ചിട്ടുള്ളത്. ഈ ക്യാമറകൾക്കു പുറമേ അമിത വേഗക്കാരെ പിടികൂടാൻ ദേശീയ, സംസ്ഥാനപാതകളിൽ മോട്ടർ വാഹന വകുപ്പ് സ്ഥാപിച്ചിട്ടുള്ള മറ്റു നിരീക്ഷണ ക്യാമറകളും പിഴയീടാക്കുന്നത് ജിഒപി 20/2014 എന്ന സർക്കാർ വിജ്ഞാപന പ്രകാരമാണ്. ഇതുപ്രകാരം നാലുവരിപ്പാതകളിൽ കാറുകളുടെ പരമാവധി വേഗപരിധി 90 കിലോമീറ്ററാണ്. എന്നാൽ, കേന്ദ്ര വിജ്ഞാപന പ്രകാരം നാലുവരിപ്പാതകളിൽ 100 കിലോമീറ്ററാണു വേഗപരിധി.
ഇരുചക്രവാഹനങ്ങൾക്കു നാലുവരിപ്പാതകളിൽ 80 കിലോമീറ്റർ വേഗമാർജിക്കാൻ കേന്ദ്ര വിജ്ഞാപനത്തിൽ അനുവാദമുള്ളപ്പോൾ സംസ്ഥാന വിജ്ഞാപനത്തിൽ 70 കിലോമീറ്റാണു വേഗപരിധി. ചരക്കു വാഹനങ്ങൾക്കു കേന്ദ്ര വിജ്ഞാപനത്തിൽ 80 കിലോമീറ്റർ വരെ വേഗപരിധി ഉള്ളപ്പോൾ സംസ്ഥാന വിജ്ഞാപനത്തിൽ 65 കിലോമീറ്ററാണ്. ഈ വേഗപരിധി ലംഘിച്ചതിന്റെ പേരിൽ വാഹന ഉടമകൾ പിഴയടച്ചു വലയുമ്പോഴും പുതുക്കിയ വിജ്ഞാപനമിറക്കി ആശയക്കുഴപ്പം നീക്കാൻ നടപടിയായിട്ടില്ല. വേഗപരിധി സംബന്ധിച്ചു പാതകളിൽ ഡിജിറ്റൽ അറിയിപ്പു ബോർഡുകൾ സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ഇതു നടപ്പാക്കുന്നതിനു മുൻപേയാണു പിഴയിട്ടു തുടങ്ങുന്നത്.
ഇക്കാര്യത്തിൽ മോട്ടോർ വാഹന വകുപ്പ് എന്തു പരിഹാരം കണ്ടെത്തും എന്നാണ് അറിയേണ്ടത്. അതേസമയം മോട്ടർ വാഹനവകുപ്പ് സ്ഥാപിക്കുന്ന എഐ ക്യാമറ ഉൾപ്പെടെ എല്ലാ നിരീക്ഷണ ക്യാമറകളെയും ഫാസ്റ്റ് ടാഗ്, ബാങ്കിങ് സംവിധാനവുമായി ബന്ധിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ട്. ‘വാഹൻ’ സോഫ്റ്റ്വെയറിൽ ഇതിനുള്ള മാറ്റം കൊണ്ടുവരാൻ കേരളം ആവശ്യപ്പെട്ടു. ഇത് നടപ്പായാൽ വാഹന ഉടമയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഫാസ്ടാഗ് വഴി പിഴ ഈടാക്കാനാണ് നാഷനൽ ഇൻഫർമാറ്റിക്സ് സെന്ററിനോട് (എൻഐസി) സംസ്ഥാന ഗതാഗതവകുപ്പ് ആവശ്യപ്പെട്ടത്.
മോട്ടോർ വാഹന വകുപ്പ് സംസ്ഥാനത്തുടനീളം സ്ഥാപിച്ച 726 നിർമ്മിതബുദ്ധി ക്യാമറകൾ പിഴയീടാക്കി തുടങ്ങുന്നതോടെ ദിവസവും കോടികൾ ഖജനാവിലേക്ക് എത്തുമെന്ന് പുറത്തുവന്ന സൂചനകൾ. നിലവിൽ ക്യാമറകളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ ഉപയോഗിച്ച് പിഴയീടാക്കാൻ തുടങ്ങിയിട്ടില്ലെങ്കിലും അഞ്ചുലക്ഷത്തോളം നിയമലംഘനങ്ങളാണ് ഇപ്പോൾ ഒരുദിവസം ഇവ കണ്ടെത്തുന്നത്. ഈ മാസം 20 മുതൽ പിഴയീടാക്കി തുടങ്ങുമ്പോൾ ഇതേ കണക്കാണെങ്കിൽ കോടികളാണ് ഖജനാവിലേക്ക് എത്തുക. ഒരു നിയമലംഘനത്തിന് കുറഞ്ഞത് 500 രൂപ മാത്രം കണക്കാക്കിയാൽ പോലും ഒരുദിവസം അഞ്ചുലക്ഷം നിയമലംഘനങ്ങൾ കണ്ടെത്തിയാൽ 25 കോടിയാണ് പിഴത്തുകയായി ഖജനാവിലേക്ക് എത്തുക.