ന്യൂഡല്‍ഹി. രാജ്യത്തെ അതിവേഗ പ്രാദേശിക റെയില്‍ സംവിധാനമായ റീജനല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റത്തിന് നമോ ഭാരത് എന്ന് പേരിട്ട് കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്രമോദി പദ്ധതി വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യാന്‍ ഇരിക്കെയാണ് പദ്ധതിക്ക് പുതിയ പേര് നല്‍കിയത്. ഡല്‍ഹി ഗാസിയാബാദ് മീററ്റ് റൂട്ടിലാണ് അത്യാധുനിക രീതിയിലുള്ള ട്രെയിന്‍ സര്‍വീസ് നടത്തുന്നത്.
82 കിലോമീറ്റര്‍ ദൂരമുള്ള ഡല്‍ഹി മീററ്റ് പാതയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ സഹിബാബാദ് ദുഹായ് ഡിപ്പോ പാതയുടെ ദൂരം 17 കിലോമാറ്ററാണ്. ഈ പാതയില്‍ 21 മുതല്‍ സര്‍വീസ് ആരംഭിക്കും. പദ്ധതിക്കായി അതിവേഗം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ഇത്തരത്തില്‍ എട്ട് ഇടനാഴികളാണ് തയ്യാറാകുന്നത്.
ഡല്‍ഹി മീററ്റ് പാത 2025 ജൂണില്‍ പൂര്‍ത്തിയാകും. നിര്‍മാണം പൂര്‍ത്തിയാകുന്ന ആദ്യഘട്ടത്തില്‍ സഹിബാബാദ്, ഗുല്‍ദര്‍, ദുഹായ്, ഗാസിയബാദ്, ദുഹായ് ഡിപ്പോ എന്നി അഞ്ചു സ്റ്റേഷനുകളാണുള്ളത്.