കാന്തല്ലൂര്‍ കേരളത്തില്‍ ആപ്പിള്‍ സുലഭമായി ലഭിക്കുന്ന പ്രദേശമാണ്. കാന്തല്ലൂരിലെ ശീതകാല പഴവര്‍ഗങ്ങളുടെ പട്ടികയിലേക്ക് ഒരു ഇനം കൂടി എത്തിയിരിക്കകയാണ്. ആപ്പിള്‍ പീച്ച് എന്നാണ് ഈ പഴത്തിന്റെ പേര്. കാന്തല്ലൂരിലെ കര്‍ഷകനായ തങ്കച്ചന്‍ പ്ലാപ്പിള്ളിയുടെ കൃഷിയിടത്തിലാണ് ആപ്പിള്‍ പീച്ച് വിളവെടുത്തത്. മാങ്കോ പിച്ചീസും നാടന്‍ പിച്ചീസുമാണ് കാന്തല്ലൂരില്‍ സാധാരണ വിളവെടുക്കുന്നത്. എന്നാല്‍ ആപ്പിള്‍ പീച്ച് വിളയുന്നത് ഇത് ആദ്യമാണ്.
ആപ്പിള്‍ പീച്ച് എന്ന് ഇതിനെ വിളിക്കാന്‍ കാരണം കാഴ്ചകൊണ്ട് ആപ്പിള്‍ പോലെ തോന്നിക്കുന്ന പഴമായതുകൊണ്ടാണ്. കാന്തല്ലൂര്‍ പഞ്ചായത്ത് അംഗമായ തങ്കച്ചന്‍ കാര്‍ഷിക കുടുംബത്തിലെ അംഗമാണ്. പലപ്പോഴും തങ്കച്ചന്‍ യാത്രകളില്‍ കാന്തല്ലൂരില്‍ വളരാന്‍ സാധിക്കുന്ന പഴ വര്‍ഗങ്ങള്‍ കണ്ടെത്തി സ്വന്തം കൃഷിയിടത്ത് പരീക്ഷിക്കാറുണ്ട്.
ഇപ്പോള്‍ വിളവെടുത്ത ആപ്പിള്‍ പീച്ച് മൂന്ന് വര്‍ഷം മുമ്പ് ഊട്ടിയില്‍ നിന്നും കൊണ്ടുവന്നതാണ്. നന്നായി പരിപാലിച്ച് പല ശിഖരങ്ങളായി പത്തടിയിലധികം വലുപ്പത്തിലാണ് ചെടി വളര്‍ന്നത്. തങ്കച്ചന് ഇപ്പോള്‍ നല്ല വിളവ് ലഭിക്കുന്നുണ്ട്. ഒരു ആപ്പിള്‍ പീച്ച് കായ്ക്ക് 200 ഗ്രാം മുതല്‍ 300 ഗ്രാം വരെ തൂക്കം ഉണ്ടാകും. 300 രൂപ വരെയാണ് വില.