കോട്ടയത്ത് തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ വിജയിക്കാനുള്ള സാധ്യതകള്‍ ഇല്ലാതായെന്ന് കേരള കോണ്‍ഗ്രസ് മാണി വിഭാഗം. സിപിഎം കൂടെ നിന്ന് ചതിക്കുകയാണെന്നാണ് കേരള കോണ്‍ഗ്രസ് നേതാക്കള്‍ പറയാതെ പറയുന്നു. തുഷാർ വെള്ളാപ്പള്ളി എൻ ഡി എ സ്ഥാനാർഥിയായി കോട്ടയത്ത് എത്തിയതോടെ സിപിഎമ്മിന്റെ കണക്ക് കൂട്ടലുകൾ താളം തെറ്റുകയായിരുന്നു.
തുഷാര്‍ വെള്ളാപ്പള്ളിയുടെ വരവോടെ സിപിഎമ്മിന്റെ ശക്തി കേന്ദ്രങ്ങളില്‍ വലിയ തോതില്‍ വോട്ട് ചോര്‍ച്ച ഉണ്ടാകുമെന്നാണ് കേരള കോണ്‍ഗ്രസ് ഭയക്കുന്നത്. അതേസമയം സിപിഎം നേതാക്കള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നും വിട്ട് നില്‍ക്കുകയാണ്. കോട്ടയത്ത് നിന്നുള്ള മന്ത്രിയുടെ പഴ്‌സനല്‍ സ്റ്റാഫ് അംഗം അടക്കമുള്ള സിപിഎം യുവജന നേതാക്കള്‍ ലക്ഷദ്വീപില്‍ വിനോദയാത്രയിലാണ്.
ഏറ്റുമാനൂരില്‍ നിന്നുള്ള ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയംഗവും വൈക്കം സ്വദേശിയായ മന്ത്രിയുടെ പഴ്‌സനല്‍ സ്റ്റാഫ് അംഗവും ഉള്ളപ്പെടെയുള്ള നേതാക്കളാണ് ലക്ഷദ്വീപില്‍ എത്തിയത്. ഇത് സിപിഎമ്മിന് തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിനായി പ്രചാരണം നടത്താന്‍ താല്‍പര്യമില്ലാ എന്നത് വ്യക്തമാക്കുന്നു.
ലക്ഷദ്വീപില്‍ എത്തിയ സംഘത്തില്‍ കോട്ടയം മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രധാന ചുമതല വഹിക്കുന്ന സിപിഎം നേതാവിന്റെ മകനും ഉണ്ട്. നേതാക്കള്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവെച്ചതോടെയാണ് യാത്രയുടെ വിവരങ്ങള്‍ പുറത്തുവന്നത്. തോമസ് ചാഴിക്കാടന്‍ മുമ്പ് യുഡിഎഫില്‍ നിന്ന് മത്സരിച്ചത് കൊണ്ട് തങ്ങള്‍ക്ക് തോമസ് ചാഴിക്കാടനായി വോട്ട് ചോദിക്കാന്‍ കഴിയില്ലെന്നാണ് പല പ്രാദേശിക നേതാക്കളും സിപിഎം അനുഭാവികളും പറയുന്നത്.
തുഷാര്‍ വെള്ളാപ്പള്ളിയുടെ വരവോടെ സിപിഎം ശക്തി കേന്ദ്രങ്ങളില്‍ വലിയ തോതില്‍ വോട്ട് ചോര്‍ച്ച ഉണ്ടായേക്കും ഇത് തടയാന്‍ സിപിഎം നേതാക്കള്‍ ഒന്നും ചെയ്യുന്നില്ലെന്നും കേരള കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമായിരിക്കന്ന ഈ സമയത്ത് സിപിഎം നേതാക്കള്‍ കോട്ടയത്ത് നിന്നും മാറി നില്‍ക്കുന്നത് പ്രചാരണത്തില്‍ പങ്കെടുക്കാന്‍ താല്പര്യമില്ലാ എന്നതിനെയാണ് സൂചിപ്പിക്കുന്നത്.
യുഡിഎഫ് ക്യാമ്പിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പടല പിണക്കങ്ങള്‍ ശക്തമാകുകയാണ്. യുഡിഎഫ് കോട്ടയം ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. രാജി കേരള കോണ്‍ഗ്രസ് നേതാവ് മോന്‍സ് ജോസഫിന്റെ ഏകാധ്യപത്യ പ്രവണതകളില്‍ പ്രതിഷേധിച്ചാണെന്ന് സജി പറയുന്നു.
അതേസമയം എന്‍ഡിഎയുടെ പ്രചാരണം ശക്തമായി തുടരുകയാണ്. തുഷാറിന് കോട്ടയത്ത് യുവാക്കള്‍ക്കിടയിലും സ്ത്രീകള്‍ക്കിടയിലും വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഇതും ഇടത് വലത് മുന്നണികളെ ഭയപ്പെടുത്തുന്നു.