സ്വർണം കൈവശം ഉണ്ടെങ്കിൽ വലിയൊരു ആശ്വാസം അനുഭവപ്പെടുന്നവരാണ് മലയാളികളിൽ നല്ലൊരു ശതമാനം ആൾക്കാരും . ആഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന ലോഹം എന്നതിനപ്പുറം ഒരു വലിയ സമ്പാദ്യമായാണ് എല്ലാവരും സ്വർണത്തെ കാണുന്നത്. നിക്ഷേപങ്ങൾക്ക് ഉപരിയായി സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്ന ധാരാളം ആൾക്കാരുണ്ട് . വലിയ നിക്ഷേപ സാധ്യതകളുള്ള സ്വർണം ഉപയോഗിച്ച് ഇടപാടുകൾ നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട ധാരാളം കാര്യങ്ങൾ ഉണ്ട് .ഒരാൾക്ക് എത്ര സ്വർണം വരെ കൈവശം സൂക്ഷിക്കാം എന്നുള്ളത് നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യമാണ് . അത് മാത്രമല്ല സ്വർണം വാങ്ങാൻ പാൻ കാർഡ് ആവശ്യമുണ്ടോ എന്നതും പ്രധാനപ്പെട്ട ഒരു ചോദ്യമാണ്.
ഭാരതത്തിൽ സ്വർണവുമായി ബന്ധപ്പെട്ട് വ്യക്തമായ നിയമങ്ങളുണ്ട്. ഈ നിയമങ്ങൾ അറിയാതെ പോകുന്നതും അത് പാലിക്കപെടാതിരിക്കുന്നതും വഴി ഭീമമായ ആദായ നികുതി പിഴ പലർക്കും അടയ്‌ക്കേണ്ടതായി വരുന്നു. നിശ്ചിത മൂല്യത്തിന് മുകളിലുള്ള സ്വർണം വാങ്ങുന്നതിനു ഇന്ത്യയിൽ പാൻ കാർഡോ, അതിന് തുല്യമായ രേഖകളോ ആവശ്യമാണ് . 2 ലക്ഷം രൂപയിൽ കൂടുതൽ മൂല്യം വരുന്ന വാങ്ങലുകൾക്കായി പാൻ കാർഡ് നിർബന്ധമാണ്. ആദായ നികുതി നിയമം സെക്ഷൻ 114ബി പ്രകാരം സ്വർണം വാങ്ങുന്നതിനു പാൻകാർഡ് നിര്ബന്ധമാണ്.പണം, ചെക്കുകൾ അല്ലെങ്കിൽ ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ വഴി നടത്തുന്ന ഇടപാടുകളും ഈ നിയമത്തിൽ ഉൾപ്പെടുന്നു
ഇതൊരു പ്രതിദിന പരിധിയാണ്. സ്വർണം സൂക്ഷിക്കൽ ചട്ടം നിയമ പ്രകാരം കൈവശം വയ്ക്കാവുന്ന സ്വർണത്തിന്റെ പരിധി മറികടക്കുന്നത് വലിയ പിഴയ്ക്ക് കാരണം ആയേക്കാം. കേന്ദ്ര പ്രത്യക്ഷ നികുതി ബോഡിന്റെ ചട്ടം അനുസരിച്ച് കാർഷിക വരുമാനം, നിയമപരമായി പാരമ്പര്യമായി ലഭിച്ച പണം, ന്യായമായ ഗാർഹിക സമ്പാദ്യവും പോലുള്ള വെളിപ്പെടുത്തിയ വരുമാന സ്രോതസുകൾ വഴി വാങ്ങിയ സ്വർണത്തിന് നികുതിയില്ല.
നമ്മുടെ രാജ്യത്ത് സ്വർണം കൈവശം വയ്ക്കാനും കൃത്യമായ ചട്ടങ്ങൾ നിലവിലുണ്ട്. 250 ഗ്രാം സ്വർണം വരെ അവിവാഹിതയായ ഒരു സ്ത്രീക്ക് കൈയ്യിൽ കരുതാം. അതെ സമയം അവിവാഹിതനായ പുരുഷന് ആണെങ്കിൽ 100 ഗ്രാം സ്വർണവും കൈവശം വയ്ക്കാം. വിവാഹിതയായ സ്ത്രീകു 500 ഗ്രാം സ്വർണവും, വിവാഹിതനായ പുരുഷന് 100 ഗ്രാം സ്വർണവും നിയമപ്രകാരം വീട്ടിൽ സൂക്ഷിക്കാം എന്നതാണ് ചട്ടം വ്യക്തമാക്കുന്നത്.