എക്സിറ്റ് പോളുകള്‍ സത്യമായാല്‍ കേരളത്തിലും ദേശീയ തലത്തിലും സിപിഎമ്മിന്റെ ഭാവി എന്താണ്, രാഷ്ട്രീയ കേരളം വലിയ ചര്‍ച്ചകളിലാണ്. സിപിഎം കേരളത്തില്‍ മികച്ച വിജയം നേടുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെയും നേതാക്കളുടെയും എക്സിറ്റ് പോളിനോടുള്ള പ്രതികരണം. ബിജെപി തന്നെയാണ് എക്സിറ്റ് പോള്‍ നടത്തിയതെന്ന് വരെ സിപിഎം നേതാക്കള്‍ ആരോപിക്കുന്നു.
സിപിഎമ്മിന് നിലവില്‍ ഒരു ഔപചാരിക ചിഹ്നമുണ്ട്. അരിവാള്‍ ചുറ്റിക നക്ഷത്രമാണ് ആ ചിപഹ്നം. ചിഹ്നം നഷ്ടപ്പെടുന്ന വിഷയം തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ചര്‍ച്ചകളില്‍ നിറഞ്ഞിരുന്നു. ചിഹ്നം സംരക്ഷിക്കപ്പെടണമെങ്കില്‍ നിശ്ചിത ശതമാനം വോട്ട് അല്ലെങ്കില്‍ നിശ്ചിത എം പിമാര്‍ വേണം. തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി ഉണ്ടായാല്‍ പിന്നെ സിപിഎമ്മിന് ലഭിക്കുക തിരഞ്ഞെടുപ്പ് കമ്മീഷന് ഇഷ്ടമുള്ള ചിഹ്നമായിരിക്കും.
നിലവില്‍ മാനം മര്യാദയ്ക്കുള്ള ചിഹ്നം എല്ലാം പലര്‍ക്കും തിരഞ്ഞെടുപ്പ് കമ്മീഷന് നല്കി കഴിഞ്ഞു. ഇനി സിപിഎമ്മിനെ കാത്തിരിക്കുന്നത് ഈനാംപേച്ചിയോ തേളോ എലിപ്പെട്ടിയോ നീരാളിയോ ലഭിക്കുമെന്ന് പറഞ്ഞത് കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലന് തന്നെയാണ്. പുറത്ത് വന്ന എക്സിറ്റ് പോള്‍ ശരിയായാല്‍ ബാലന് ആശങ്കപ്പെട്ടത് പോലെ തന്നെ സംഭവിക്കും.
നിലവില്‍ പുറത്ത് വന്ന സര്‍വേകളില്‍ എല്ലാം കേരളത്തില്‍ സിപിഎമ്മിന് നാല് സീറ്റില്‍ കൂടുതല്‍ പ്രവചിക്കുന്നില്ല, ഇത് മാത്രമല്ല പൂജ്യവും നല്കുന്നു. എന്നാല്‍ സിപിഎം നേതാക്കളുടെ അവകാശ വാദം 12 സീറ്റുകളാണ്. കേരളത്തില്‍ ബിജെപി വിജയിക്കുകയും സിപിഎം ബിജെപിക്കും പിന്നിലാകുകയും ദേശീയ പദവി സിപിഎമ്മിന് നഷ്ടമാകുകയും ചെയ്താല്‍ എല്‍ഡിഎഫിന് നല്കുന്ന ഷോക്ക് ചെറുതായിരിക്കില്ല.
രാജ്യത്തെ ആറ് ദേശീയ പാര്‍ട്ടികളില്‍ ഒന്നായി നിലനില്ക്കാന് പറ്റുന്നതെല്ലാം പയറ്റി തളര്‍ന്ന് വീണമട്ടാണ് സിപിഎം. കേരളത്തില്‍ 15 സീറ്റിലാണ് സിപിഎം അംഗത്തിന് ഇറങ്ങിയത്. മുമ്പ് സ്വതന്ത്രനായി മത്സരിച്ച ജോയ്സ് ജോര്‍ജ് പോലും ഇത്തവണ ചിഹ്നത്തില്‍ മത്സരിച്ചു. സ്വന്തം ചിഹ്നത്തില്‍ കൂടുതല്‍ വോട്ട് നേടുകയായിരുന്നു ലക്ഷ്യം. 2004ല്‍ 43 എംപിമാര്‍ ഉണ്ടായിരുന്ന സിപിഎമ്മിന് ഇന്ന് ഉള്ളത് മൂന്ന് പേരാണ്.
2019ലെ തിരഞ്ഞെടുപ്പില്‍ സിപിഎം മത്സരിച്ചത് 71 സീറ്റില്‍ ഇതില്‍ വിജയിച്ചത് മൂന്നില്‍ മാത്രം. ഡിഎംകെയുടെ കരുണകൊണ്ട് തമിഴ്നാട്ടില്‍ നിന്നും ലഭിച്ച രണ്ട് സീറ്റാണ് മൂന്ന് എന്ന സംഖ്യയില്‍ സിപിഎമ്മിനെ എത്തിച്ചത്.