തിരുവനന്തപുരം. വിഴിഞ്ഞം തുറമുഖത്ത് എത്തിയ ആദ്യ ചരക്കുകപ്പല്‍ സാന്‍ ഫെര്‍ണാണ്‍ഡോയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഔദ്യോഗിക സ്വീകരണം നല്‍കി. വിഴിഞ്ഞം പദ്ധതിയിലൂടെ ലോക നാവിക ഭൂപടത്തില്‍ ഇന്ത്യയുടെ സ്ഥാനം ഒന്നാമതെത്തും. കേരളത്തിലെ തീരദേശ ഗ്രാമമായ വിഴിഞ്ഞത്തിന്റെ സ്ഥാനം ഇനി സിംഗപ്പൂര്‍, ദുബായ്, സലാല എന്നി വന്‍കിട തുറമുഖങ്ങള്‍ക്കൊപ്പമായിരിക്കും. വിഴിഞ്ഞം തുറമുഖം ഇന്ത്യയിലും കേരളത്തിലും എന്തൊക്കെ മാറ്റങ്ങള്‍ക്കായിരിക്കും തുടക്കം കുറിക്കുക.
സുഗന്ധ വ്യഞ്ജനങ്ങളുടെ നാട് എന്ന പേരിലാണ് ആദ്യം കേരളം ലോക നാവിക ഭൂപടത്തില്‍ ഇടം പിടിച്ചത്. യൂറോപ്പില്‍ നിന്നും ലോകത്തിന്റെ പല ഭാഗത്ത് നിന്നും കേരളത്തിലേക്ക് പുരാതന കാലം മുതലെ വ്യാപാരികള്‍ എത്തിയിരുന്നു. ലോകത്ത് മദര്‍ഷിപ്പുകള്‍ അടുപ്പിക്കാന്‍ സാധിക്കുന്ന 50 തുറമുഖങ്ങളാണുള്ളത്. ഇന്ത്യയ്ക്ക് സ്വന്തമായി മദര്‍ഷിപ്പുകള്‍ അടുപ്പിക്കാന്‍ സാധിക്കുന്ന തുറമുഖം ഇല്ലാത്തത് വലിയ നഷ്ടമാണ് ഉണ്ടാക്കിയിരുന്നത്. ഇതുമൂലം ഇന്ത്യയ്ക്ക് കൊളംബോ, സിംഗപ്പൂര്‍, ദുബായ് എന്നി തുറമുഖങ്ങളെ ആശ്രയിക്കേണ്ടി വന്നിരുന്നു.

ഈ പോരായ്മയാണ് വിഴിഞ്ഞം തുറമുഖത്തിലൂടെ രാജ്യം മറികടക്കുന്നത്. കേരളത്തിന്റെ സാമ്പത്തിക, വ്യാവസായിക, ടൂറിസം മേഖലയില്‍ വിഴിഞ്ഞം അമ്പരപ്പിക്കുന്ന മാറ്റത്തിന്റെ ചാലക ശക്തിയായി മാറും. പ്രത്യക്ഷമായ തൊഴിലുകളേക്കാള്‍ പരോക്ഷമായ സാമ്പത്തിക വളര്‍ച്ചയാണ് പദ്ധതിയിലൂടെ ലഭിക്കുന്നത്. അനുബന്ധ വ്യവസായങ്ങള്‍ക്കായിരിക്കും കൂടുതല്‍ സാധ്യതകള്‍. ലോകത്തിലെ വമ്പന്‍ ക്രൂസ് ഷിപ്പുകള്‍ കൂടെ വിഴിഞ്ഞത്ത് എത്തുന്നതോടെ ടൂറിസം മേഖലയിലെ വളര്‍ച്ച അമ്പരപ്പിക്കുന്നതായിരിക്കും.
ആദ്യ ഘട്ടത്തില്‍ പത്ത് ലക്ഷം കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യന്‍ സാധിക്കും എന്നാണ് പ്രതീക്ഷ. ലോകത്തിലെ ചരക്ക് നീക്കത്തിന്റെ 30 ശതമാനം ഇന്ത്യയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്തുള്ള രാജ്യാന്തര കപ്പല്‍ ചാല്‍ വഴിയാണ്. നിലവില്‍ ഇന്ത്യയിലേക്കുള്ള ചരക്കുകളുടെ 75 ശതമാനവും കൈകാര്യം ചെയ്യുന്നത് കൊളംബോ തുറമുഖമാണ്. ഒപ്പം ദുബായ്, സലാല, സിംഗപ്പൂര്‍ തുറമുഖങ്ങളും ഇന്ത്യന്‍ കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യുന്നത്. ഇത് മൂലം ഇന്ത്യയ്ക്ക് 2500 കോടിയുടെ വിദേശ നാണ്യ നഷ്ടമാണ് ഉണ്ടാകുന്നത്. വിദേശത്ത് ഇറക്കുന്ന ഒരു കണ്ടെയ്‌നര്‍ ഇന്ത്യയിലെത്തിക്കാന് 10000 രൂപ ചിലവുവരും.